തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരി തെളിയും. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 27-ാമത് ഐഎഫ്എഫ്കെ ഉദ്ഘാടനം ചെയ്യും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്‍റ് പിയാനിസ്‌റ്റ് ജോണി ബെസ്റ്റ് വിശിഷ്‌ടാതിഥിയാകും.
ഇറാനില്‍ സ്‌ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്‌പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി മുഖ്യമന്ത്രി ആദരിക്കും. യാത്രാനിയന്ത്രണങ്ങള്‍ കാരണം മേളയില്‍ നേരിട്ടു പങ്കെടുക്കാന്‍ കഴിയാത്ത മഹ്നാസിനുവേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചല്‍ സംഗാരി അവാര്‍ഡ് ഏറ്റുവാങ്ങും. ജൂറി ചെയര്‍മാനും ജര്‍മന്‍ സംവിധായകനുമായ വീറ്റ് ഹെല്‍മര്‍ ചടങ്ങില്‍ സന്നിഹിതനാവും.
ഉദ്ഘാടനച്ചടങ്ങിനുശേഷം അഞ്ചു മണിക്ക് പുര്‍ബയന്‍ ചാറ്റര്‍ജിയുടെ സിതാര്‍ സംഗീതക്കച്ചേരി ഉണ്ടായിരിക്കും. ഇതിനു ശേഷം ഉദ്ഘാടനചിത്രമായ ടോറി ആന്‍റ് ലോകിത പ്രദര്‍ശിപ്പിക്കും. 70 രാജ്യങ്ങളില്‍നിന്നുള്ള 186 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക.
അതിഥികളില്‍ 40ഓളം പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും : അന്താരാഷ്‌ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമ വിഭാഗത്തില്‍ 78 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 12 സിനിമകളുടെ ലോകത്തിലെ ആദ്യപ്രദര്‍ശനത്തിന് മേള വേദിയാവും.
തത്സമയ സംഗീതത്തിന്‍റെ അകമ്പടിയോടെ അഞ്ച് നിശബ്‌ദ ചിത്രങ്ങള്‍ മേളയുടെ പ്രത്യേകതയാണ്. 14 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. 12,000ത്തോളം ഡെലിഗേറ്റുകള്‍ പങ്കെടുക്കും.
200 ഓളം ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളായി പങ്കെടുക്കുന്ന മേളയില്‍ 40 ഓളം പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 3000 വിദ്യാർഥികളും മേളയ്ക്കുള്ള പാസിനായി അപേക്ഷ നൽകിയിട്ടുണ്ട്.
2500 സീറ്റുകൾ ഉള്ള ഓപ്പൺ തിയേറ്ററായ നിശാഗന്ധിയിൽ 9600 സീറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. മേളയുടെ ഉദ്ഘാടനവും സമാപനവും നിശാഗന്ധിയിലാവും നടക്കുക. ഇത്തവണ പരമാവധി കാണികൾക്കും സിനിമ കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് പറഞ്ഞു.
നിശബ്‌ദ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും: നിശബ്‌ദ ചിത്രങ്ങൾക്ക് തത്സമയ സംഗീതം നൽകുമെന്നതാണ് ഈ മേളയുടെ ഏറ്റവും വലിയ പ്രത്യേകത. നിശാഗന്ധിയിൽ പ്രദർശിപ്പിക്കുന്ന അഞ്ച് നിശബ്‌ദ സിനിമകൾക്കാവും സൗത്ത് ബാങ്ക് തീയറ്റേഴ്‌സ് ബാൻഡിന്‍റെ പിയാനിസ്റ്റായ ജോണി ബെസ്റ്റ് തത്സമയ പശ്ചാത്തല സംഗീതം നൽകുന്നത്. ഹംഗേറിയൻ സംവിധായകനായ ബെയില ടായ്ക്കാണ് ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്.
മേളയുടെ ഭാഗമായി ടാഗോർ തിയേറ്ററിൽ തമിഴ് റോക്ക് ബാൻഡ് ജാനു, പ്രദീപ് കുമാർ തുടങ്ങിയവരുടെ ഗാനസന്ധ്യകളാവും നടക്കുക. കൂടാതെ ഓപ്പൺ ഫോറം, മീറ്റ് ദ ഡയറക്‌ടേഴ്‌സ്, ഇൻ കോൺവർസേഷൻ വിത്ത് തുടങ്ങിയ പരിപാടികളും ഉണ്ടാകും