തിരുവനന്തപുരം: വർക്കലയിൽ ഭാര്യയെ ഭർത്താവ് നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശി നിഖിത (26)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് അനീഷിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ഭാര്യയോടുള്ള അനീഷിന്‍റെ സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ഇന്ന് (06.08.2022) പുലര്‍ച്ചെയായിരുന്നു സംഭവം. ആക്രമണം നടക്കുമ്പോൾ അനീഷിന്‍റെ മാതാപിതാക്കളും വീട്ടിൽ ഉണ്ടായിരുന്നു.
നിഖിലയുടെ നിലവിളി കേട്ടാണ് വീട്ടുകാര്‍ മുറിക്കുള്ളിൽ എത്തിയത്. തലയ്‌ക്ക് അടിയേറ്റ് കിടക്കുന്ന നിഖിതയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആക്രമണത്തിന് മുമ്പ് ഇരുവരും തമ്മിൽ രൂക്ഷമായ വാക്ക് തർക്കം നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
വിദേശത്തായിരുന്ന അനീഷ് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വർക്കലയിലെ വീട്ടിൽ താമസം തുടങ്ങിയത്. ഇരുവരും തമ്മിൽ ഇടയ്‌ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നു എന്നാണ് ബന്ധുക്കളുടെ മൊഴി. ജൂലൈ എട്ടിനായിരുന്നു ഇവരുടെ വിവാഹം നടന്നത്.
മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.