തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ ഏറ്റവുമധികം പ്രതിസന്ധിയിലായത് സ്‌കൂൾ പഠനമാണ്. രാജ്യം അൺലോക്കിന്‍റെ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ സ്‌കൂളുകൾ തുറക്കാൻ അനുമതിയുണ്ട്. ചില സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളോടെ ഒമ്പത് മുതൽ 12 വരെ ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു.
എന്നാൽ രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ സ്‌കൂളുകൾ ഇപ്പോൾ തുറക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ, നവംബർ മാസങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്‌ധർ നൽകുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കുന്നത് പ്രയോഗികമല്ല എന്ന വിലയിരുത്തലിലാണ് സർക്കാർ. സാമൂഹിക അകലം ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂളുകളിൽ ക്ലാസുകൾ നടത്താൻ സാധ്യമല്ല. രോഗവ്യാപനം കുറഞ്ഞ ശേഷം ക്ലാസുകൾ ആരംഭിച്ചാൽ മതിയെന്ന നിലപാടിലാണ് രക്ഷിതാക്കളും. നിലവിലെ സാഹചര്യത്തിൽ കുട്ടികളെ സ്‌കൂളിലേയ്ക്ക് അയക്കാൻ രക്ഷിതാക്കളും തയ്യറാല്ല.
അതേസമയം പഠനം മുടങ്ങാതിരിക്കാൻ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ പൊതുവേ സ്വീകാര്യമാണെങ്കിലും രക്ഷിതാക്കളും വിദ്യാർഥികളും പലതരത്തില്‍ ആശങ്കയിലാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാൻ കഴിയുന്നവർക്ക് പോലും മുടക്കമില്ലാതെ ക്ലാസിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങൾ മാറ്റി നിർത്തിയാൽ സാമ്പത്തികമോ സാമൂഹ്യമോ ആയ കാരണങ്ങളാണ് ക്ലാസുകൾ മുടങ്ങാൻ കാരണം.
സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് പഠിക്കാൻ എസ്.സി.ഇ.ആർ.ടി ഡയറക്‌ടർ അധ്യക്ഷനായ വിദഗ്‌ധ സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. പ്രവർത്തനം ആരംഭിക്കാൻ കഴിയുന്ന ഘട്ടത്തിൽ സ്‌കൂളുകൾ തുറക്കുക, സിലബസ് വെട്ടിച്ചുരുക്കാതെ വേനൽ അവധി ഒഴിവാക്കി അധ്യയന വർഷം നീട്ടുക എന്നിവയാണ് വിദഗ്‌ധ സമിതി സർക്കാരിന് നൽകിയ ശുപാർശകൾ. സമിതിയുടെ അന്തിമ റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും.