തിരുവനന്തപുരം: കെട്ടിടനിര്‍മ്മാണത്തിനിടെ അപകടമുണ്ടായാല്‍ നിര്‍മാണത്തിന് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥരും കുറ്റക്കാരാകുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. നിര്‍മ്മാണത്തിന് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥരുടെ അലംഭാവം കൊണ്ട് അപകടമോ ജീവഹാനിയോ ഉണ്ടായാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കുറ്റക്കാരാകുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിലൂടെ വ്യക്തമാക്കി. മണ്ണന്തലയില്‍ ഫ്‌ളാറ്റ് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ച സംഭവത്തിലെ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കമ്മീഷന്റെ നിരീക്ഷണം.
വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് ലഭിക്കുന്ന ലൈസന്‍സുകളിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടാണ് നിര്‍മ്മാണം നടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും നിയമലംഘനം കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. മണ്ണന്തലയിലെ സംഭവത്തില്‍ വ്യക്തമല്ലാത്ത റിപ്പോര്‍ട്ട് സമര്‍പ്പിച്ച മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിനെയും നഗരസഭയെയും കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചു. ജനനന്മയും ക്ഷേമവും സുരക്ഷയും ഉറപ്പാക്കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ അതിന് വൈമുഖ്യം കാണിക്കരുതെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. കൃത്യവിലോപം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം നിയമലംഘനം നടത്തുന്ന ഫ്‌ളാറ്റ് നിര്‍മാതാക്കളും ഉത്തരവാദികളായിരിക്കുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.