തിരുവനന്തപുരം: മെഗാ വാക്‌സിനേഷന്‍ കേന്ദ്രമായ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അടിമുടി വീഴ്‌ച. വാക്‌സിന്‍ എടുക്കാന്‍ വന്നവരുടെ തിക്കും തിരക്കും നിയന്ത്രണാതീതമായി. മണിക്കൂറുകള്‍ കാത്തു നിന്നവരില്‍ രണ്ടു പേര്‍ കുഴഞ്ഞു വീണു. 2000 പേര്‍ക്കാണ് ഇന്ന് ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ വാക്‌സിന്‍ എടുക്കാന്‍ ഓണ്‍ലൈന്‍ ടോക്കണ്‍ നല്‍കിയത്.
സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിലും പൊലീസും ആരോഗ്യവകുപ്പ് അധികൃതരും പരാജയപ്പെട്ടു. എന്നാല്‍ ടോക്കണില്‍ അനുവദിച്ചു നല്‍കിയ സമയം പാലിക്കാതെ ആളുകള്‍ കൂട്ടത്തോടെ എത്തിയതാണ് ഭീതിജനകമായ അന്തരീക്ഷത്തിന് വാക്‌സിന്‍ കേന്ദ്രം വേദിയായത്. സാമൂഹികം പാലിക്കാതെ ആളുകള്‍ കൂട്ടത്തോടെ ഒത്തുകൂടിയത് പൊലീസിനും ആളുകള്‍ക്കും നിയന്ത്രിക്കാന്‍ കഴിയാതെ വന്നു.
തിരക്ക് നിയന്ത്രിക്കാന്‍ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് ടോക്കണ്‍ നല്‍കിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. മണിക്കൂറുകള്‍ കാത്തുനിന്ന് മടുത്തവരും പൊലീസും തമ്മില്‍ വാക്കറ്റേവുണ്ടായി. വരും ദിവസങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടത് ചെയ്യുമെന്ന് അസിസ്റ്റന്‍റ് കമ്മിഷണര്‍ എ. സദന്‍ പറഞ്ഞു. അതിനിടെ സംഭവത്തില്‍ അടിയന്തരമായി ഇടപെടാന്‍ ഡി.എം.ഒയ്ക്ക് ആരോഗ്യവകുപ്പ് മന്ത്രി നിര്‍ദേശം നല്‍കി. വാക്‌സിൻ സ്വീകരിക്കാൻ എത്തുന്നവർ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് അനുവദിച്ചു നല്‍കിയ സമയം പാലിച്ചെത്തണമെന്നും മന്ത്രി അറിയിച്ചു.