തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് പൊതുഅവധി. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും നടക്കും. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പരീക്ഷകൾക്ക് മാറ്റമില്ല. അർബുദ രോഗത്തിന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 4.25ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അനുശോചിച്ചു: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അനുശോചിച്ചു. ജനകീയനായ രാഷ്ട്രീയ നേതാവ് ആയിരുന്നു ഉമ്മൻചാണ്ടിയെന്ന് മന്ത്രി പറഞ്ഞു.
പരീക്ഷകൾ മാറ്റിവച്ചു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ദുഃഖാചാരണത്തിന്‍റെ ഭാഗമായി വിവിധ പരീക്ഷകൾക്ക് മാറ്റം. സാങ്കേതിക സർവകലാശാല, മഹാത്മ ഗാന്ധി സര്‍വകലാശാല, കണ്ണൂർ, കേരള, കുസാറ്റ്, കാലിക്കറ്റ് സർവകലാശാലകളും ഇന്ന് നടത്തുന്ന പരീക്ഷകൾ മാറ്റിവെച്ചു. കേരള സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളുടെ അഡ്‌മിഷൻ സംബന്ധമായ എല്ലാ നടപടിക്രമങ്ങളും നാളത്തേക്ക് മാറ്റിവച്ചു. ഇന്ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും ആണ് സർക്കാർ അവധി പ്രഖ്യാപിച്ചത്. പൊതു അവധിയെ തുടർന്ന് ബാങ്കുകൾക്കും കെഎസ്‌ഇബിയുടെ ഓഫിസുകൾക്കും സംസ്ഥാനത്ത് ഇന്ന് അവധിയായിരിക്കും. നെഗോഷ്യബിൾ ഇൻസ്‌ട്രുമെന്‍റ്സ് ആക്‌ട് അനുസരിച്ചാണ് ഇന്നത്തെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല: ഇന്ന് നടത്താൻ നിശ്ചയിച്ച പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു.
ALSO READ : Oommen chandy | മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു