തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന് എതിരായി പ്രതിഷേധ മാര്‍ച്ച് നടത്തിയ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയാണ് ഒന്നാം പ്രതി. മറ്റു നേതാക്കള്‍ ഉള്‍പ്പെടെ 700ഓളം പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് ഉണ്ട്. പൊലീസിന്‍റെ അനുമതിയില്ലാതെ മാര്‍ച്ച് നടത്തി ഗതാഗത തടസം സൃഷ്‌ടിച്ചതിനാണ് വിഴിഞ്ഞം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഉപരോധം നടത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് മാര്‍ച്ചെന്നും എഫ്‌ഐആറില്‍ ആരോപിക്കുന്നുണ്ട്. ഇന്നലെയാണ് തുറമുഖ വിരുദ്ധ സമരത്തിനെതിരെ സമരം നടത്തുന്ന പ്രദേശവാസികളുടെ ജനകീയ സമര സമിതിക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദി മാര്‍ച്ച് നടത്തിയത്. ജനകീയ സമര സമിതി പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചും വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
വിഴിഞ്ഞം മുക്കോല ജങ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം മുല്ലൂരില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. മാര്‍ച്ചിനെതിരെ പൊലീസ് നേരത്തെ തന്നെ നോട്ടിസ് നല്‍കിയിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് പൊലീസ് നോട്ടിസ് നല്‍കിയത്.
മാര്‍ച്ച് മൂലമുണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് സംഘടനയും നേതാക്കളുമാകും ഉത്തരവാദിയെന്നായിരുന്നു നോട്ടിസ്. എന്നാല്‍ ഇത് മറികടന്നാണ് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ഐപിസി 143,145,149,283 എന്നീ വകുപ്പുകളാണ് എഫ്‌ഐആറില്‍ ചേര്‍ത്തിരിക്കുന്നത്.