തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി പ്രായോഗിക പരീക്ഷകൾ ജൂൺ 28 ന് ആരംഭിക്കും. നേരത്തെ ജൂൺ 21 മുതൽ പരീക്ഷകൾ തുടങ്ങാനായിരുന്നു തീരുമാനം. എന്നാൽ സ്കൂളുകളിൽ എത്തി പ്രായോഗിക പരിശീലനത്തിന് കൂടുതൽ സമയം വേണമെന്ന വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് പരീക്ഷ 28 ലേക്ക് മാറ്റിയത്.
also read: കേരളത്തിൽ 13,270 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ജൂൺ 17 മുതൽ 25 വരെ വിദ്യാർഥികൾക്ക് സ്കൂളുകളിൽ എത്തി പ്രായോഗിക പരിശീലനം നടത്താം. അതേസമയം രണ്ടാം വർഷ വൊക്കേഷണൽ ഹയർ സെക്കന്‍ററി, എൻ.എസ്.ക്യൂ.എഫ് പ്രായോഗിക പരീക്ഷകൾ ജൂൺ 21 ന് തന്നെ ആരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രായോഗിക പരീക്ഷകൾ.
വിദ്യാർഥികൾ ഇരട്ട മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കണം. സാനിറ്റൈസർ ഉപയോഗിക്കണം. ശരീരോഷ്മാവ് കൂടുതലായി കാണുന്ന വിദ്യാർഥികൾക്ക് പരീക്ഷയ്ക്ക് പ്രത്യേക സംവിധാനം ഒരുക്കും. കൊവിഡ് പോസിറ്റീവായ വിദ്യാർഥികൾക്ക് നെഗറ്റീവാകുന്ന മുറയ്ക്ക് പ്രത്യേകം പരീക്ഷ കേന്ദ്രത്തിൽ പരീക്ഷയിൽ പങ്കെടുക്കാം.
ലാബുകളിൽ ഒരാൾ ഉപയോഗിച്ച ഉപകരണങ്ങൾ മറ്റൊരാൾ ഉപയോഗിക്കാൻ പാടില്ല. പരീക്ഷകളുടെ സമയക്രമം സ്കൂൾ അധികൃതർ വിദ്യാർഥികളെ അറിയിക്കും. പ്രായോഗിക പരീക്ഷകളുടെ ഫോക്കസ് പോയിന്‍റുകൾ നേരത്തെ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷയുടെ സമയവും വിദ്യാർഥി അഭിമുഖീകരിക്കേണ്ട ചോദ്യങ്ങളുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്.