തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നും രണ്ടും വര്‍ഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. ഹയർ സെക്കൻഡറി പരീക്ഷ 2,023 സെന്‍ററുകളിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ 389 സെന്‍ററുകളിലും ആയാണ് നടക്കുന്നത്. ആദ്യ ദിനം പാർട്ട് II ഭാഷ പരീക്ഷകളാണ് നടക്കുക.
മാർച്ച് 10 മുതൽ 30 വരെയാണ് പരീക്ഷകൾ ഉണ്ടാവുക. രാവിലെ 9.30 മുതൽ ഉച്ചവരെയാണ് പരീക്ഷകളുടെ സമയക്രമം. എസ്എസ്എൽസി പരീക്ഷയിലേത് പോലെ ഭിന്നശേഷി വിദ്യാർഥികൾക്കും ടൈപ്പ് വൺ പ്രമേഹ രോഗികൾക്കും അരമണിക്കൂർ അധിക സമയം അനുവദിച്ചിട്ടുണ്ട്. 4,25, 361 ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥികളും 4,42,067 രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥികളും സംസ്ഥാനത്ത് പരീക്ഷ എഴുതുo.
വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ഒന്നാം വർഷത്തിൽ 28,829 വിദ്യാര്‍ഥികളും രണ്ടാം വർഷത്തിൽ 30,740 വിദ്യാർഥികളും ആണ് പരീക്ഷ എഴുതുന്നത്. ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ മൂന്ന് മുതൽ മെയ് ആദ്യവാരം 80 കേന്ദ്രങ്ങളിൽ നടക്കും. ഇതിനായി 25,000 അധ്യാപകരെ നിയമിക്കും.
വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ മൂല്യനിർണയം എട്ട് മൂല്യനിർണയ കേന്ദ്രങ്ങളിലായി 3,500 അധ്യാപകരുടെ സഹായത്തോടെ നടത്തും. വിദ്യാർഥികൾ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്നും പരീക്ഷ കേന്ദ്രങ്ങളിൽ എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
എസ്‌എസ്‌എല്‍സി പരീക്ഷ ആരംഭിച്ചത് വ്യാഴാഴ്ച: ഇന്നലെയാണ് (09 03 2023) സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പരീക്ഷ ആരംഭിച്ചത്. 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളും ഇക്കുറി എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നുണ്ട്. ഇതില്‍ 2,13,801പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളും ആണ്. 2,960 കേന്ദ്രങ്ങളിലായാണ് ഇക്കൊല്ലത്തെ എസ്‌എസ്‌എല്‍സി പരീക്ഷ നടക്കുന്നത്. സര്‍ക്കാര്‍ മേഖലയിലെ 1,170 കേന്ദ്രങ്ങളും എയ്‌ഡഡ് മേഖലയിലെ 1,421 കേന്ദ്രങ്ങളും അണ്‍ എയ്‌ഡഡ് മേഖലയിലെ 369 കേന്ദ്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ആദ്യ ദിവസം മലയാളം ആയിരുന്നു വിഷയം. ഏപ്രില്‍ ആദ്യവാരം തന്നെ എസ്‌എസ്‌സി പരീക്ഷയുടെ മൂല്യനിര്‍ണയം ആരംഭിക്കും. ഏപ്രില്‍ മൂന്നിന് ആരംഭിച്ച് 26ന് അവസാനിക്കുന്ന തരത്തിലാണ് മൂല്യനിര്‍ണയം ക്രമീകരിച്ചിരിക്കുന്നത്. 18,000ല്‍ അധികം അധ്യാപകര്‍ മൂല്യനിര്‍ണത്തില്‍ പങ്കാളികളാകും.
മെയ് ആദ്യവാരം പരീക്ഷ ഫലം പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫോക്കസ് ഏരിയ നിര്‍ണയിച്ചാണ് പരീക്ഷകള്‍ നടന്നത്. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിഞ്ഞതിനാല്‍ ഇക്കൊല്ലം ഫോക്കസ് ഏരിയ ഇല്ല.
ഇന്നലെ പരീക്ഷകള്‍ ആരംഭിച്ച എസ്‌എസ്‌എല്‍സി വിദ്യാര്‍ഥികള്‍ക്ക് ആശംസകള്‍ അറിയിച്ച് മന്ത്രി വി ശിവന്‍കുട്ടി എത്തിയിരുന്നു. പരീക്ഷക്കുള്ള ക്രമീകരണങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയതായും വിദ്യാര്‍ഥികള്‍ ആത്‌മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്നും വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കായി ക്ലാസ് റൂമുകളില്‍ കുടിവെള്ളം കരുതാന്‍ മന്ത്രി അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സുരക്ഷ കാര്യങ്ങള്‍ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് ഡിജിപിയുമായി ചര്‍ച്ച നടത്തിയതായും മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കി.
കൊവിഡ് മഹാമാരിക്ക് പൂര്‍ണ അധ്യയന വര്‍ഷം ലഭിച്ചത് ഇക്കൊല്ലമാണ്. അതിനാല്‍ തന്നെ പരീക്ഷ സംബന്ധിച്ച് വിദ്യാര്‍ഥികളില്‍ ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ ആദ്യ ദിനം പരീക്ഷ കഴിഞ്ഞ് ആത്‌മവിശ്വാസത്തോടെയാണ് വിദ്യാര്‍ഥികള്‍ പരീക്ഷ ഹാളില്‍ നിന്ന് ഇറങ്ങിയത്.