തിരുവനന്തപുരം: പ്ലസ് ടു കഴിഞ്ഞ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉന്നത പഠനത്തിന് സീറ്റ് ഉറപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു നിയമസഭയിൽ പറഞ്ഞു. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുന്ന സീറ്റ് ഇവിടെയുണ്ടെന്നും ഗുണമേന്‍മയുള്ള വിദ്യാഭ്യാസം സംസ്ഥാനത്ത് തന്നെ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
പരീക്ഷ പരിഷ്‌കരണത്തെക്കുറിച്ച് പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കാന്‍ സര്‍ക്കാരിന് ആലോചനയുണ്ട്. സര്‍വകലാശാലകളിലെ കാലഹരണപ്പെട്ട നിയമങ്ങള്‍ പരിഷ്‌കരിക്കും. ഇതിനായി വിദഗ്‌ധരടങ്ങുന്ന കമ്മിറ്റിയെ നിയോഗിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. 2018ലെ യുജിസി റെഗുലേഷന്‍സ് പാലിച്ചാണ് സര്‍വകലാശാലകളില്‍ നിയമനം. എല്ലാ സര്‍വകലാശാല നിയമനങ്ങളിലും ഐക്യരൂപം കൊണ്ടുവരികയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി ബിന്ദു പറഞ്ഞു.
Also Read: ക്രൈസ്തവ നാടാർ സംവരണം റദ്ദ് ചെയ്ത ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിന് സ്റ്റേയില്ല
സംസ്ഥാനത്ത് പ്ലസ് ടു റെഗുലര്‍ പരീക്ഷയെഴുതിയ 3,28,702 വിദ്യാര്‍ഥികളും ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയ 25,292 പേരുമാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്. ഇതില്‍ 48,383 പേര്‍ എ പ്ലസ് നേടിയാണ് വിജയിച്ചത്.