എറണാകുളം: കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ അനുകൂല്യം സംബന്ധിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു. കൂടുതൽ വിശദീകരണം നൽകാനുണ്ടെന്ന് കെഎസ്ആർടിസി അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച 198 ജീവനക്കാർക്ക് ഈ മാസം 28 ന് മുൻപ് പകുതി പെൻഷൻ അനുകൂല്യം നൽകണം എന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഈ ഉത്തരവാണ് സിംഗിൾ ബഞ്ച് താൽക്കാലികമായി മരവിപ്പിച്ചത്. കോടതിയെ സമീപിച്ചവർക്ക് അമ്പത് ശതമാനം ആനുകൂല്യം ഉടൻ നൽകാനായിരുന്നു നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. അതേസമയം ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ജീവനക്കാരുടെ ഹർജികളിൽ മുഴുവൻ ജീവനക്കാരുടെയും ശമ്പളം വിതരണം ചെയ്‌തതായി കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ബുധനാഴ്‌ചക്ക് മുൻപ് ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന് കഴിഞ്ഞയാഴ്‌ച സിംഗിൾ ബഞ്ച് കർശന നിലപാടെടുത്തിരുന്നു. ഇതിനെ തുടർന്നാണ് ശമ്പളം വിതരണം നടത്തിയതിന്‍റെ വിശദാംശങ്ങൾ കെഎസ്ആർടിസി കോടതിയെ അറിയിച്ചത്. ഹർജി ഹൈക്കോടതി അടുത്തയാഴ്‌ച വീണ്ടും പരിഗണിക്കും.
ALSO READ: ശമ്പളത്തിന് ടാര്‍ഗറ്റ്; നിര്‍ദേശവുമായി കെഎസ്ആര്‍ടിസി എംഡി