തിരുവനന്തപുരം: ഏകദിന ലോകകപ്പിൽ ശ്രീലങ്കൻ ബാറ്റർ എയ്ഞ്ചലോ മാത്യൂസിന്‍റെ പുറത്താകൽ ക്രിക്കറ്റ് ലോകം ഏറെ ചർച്ച ചെയ്‌തതാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ക്രീസിലെത്തിയപ്പോൾ ഹെൽമെറ്റിന് തകരാർ കണ്ടെത്തിയതോടെ കൃത്യസമയത്ത് ബാറ്റിങ് തുടങ്ങാൻ കഴിയാതെ വന്നതോടെയാണ് മാത്യൂസ് മത്സരത്തിൽ നിന്നും പുറത്തായത്. എന്നാൽ പുറത്തായി മടങ്ങുന്ന എയ്‌ഞ്ചലോ മാത്യൂസിന്‍റെ ചിത്രം ഉപയോഗിച്ച് ബോധവത്കരണവുമായി എത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.
- " class="align-text-top noRightClick twitterSection" data="">
ഇരുചക്രവാഹന യാത്രക്കാർ നിർബന്ധമായും ഹെൽമെറ്റ് ധരിക്കേണ്ടതാണ്. എന്നാൽ നിരവധിയാളുകൾ ഈ നിയമത്തെ മുഖവിലക്കെടുക്കാതെയാണ് നിരത്തിലൂടെ കുതിച്ചുപായുന്നത്. അതോടൊപ്പം തന്നെ നിലവാരമുള്ള ഹെൽമെറ്റ് ധരിച്ചാലും അതിന്‍റെ സ്ട്രാപ്പ് ഘടിപ്പിക്കാതെ യാത്ര ചെയ്യുന്ന പ്രവണതയും പതിവ് കാഴ്‌ചയാണ്. ഇത്തരക്കാർക്ക് ബോധവത്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് വാഹനവകുപ്പ് ഫേസ്‌ബുക്ക് പോസ്റ്റ് പങ്കുവച്ചിട്ടുള്ളത്.
നല്ല ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ കളിയിലായാലും ജീവിതത്തിലായാലും വേഗത്തിൽ മടക്ക ടിക്കറ്റ് കിട്ടുമെന്ന സുപ്രധാന സന്ദേശമാണ് വാഹനവകുപ്പ് മുന്നോട്ട് വയ്‌ക്കുന്നത്. ഒരു കളിയിൽ ഔട്ടായാലും അടുത്ത മത്സരത്തിൽ അവസരം ലഭിച്ചേക്കും എന്നാൽ ജീവിതത്തിൽ രണ്ടാമതൊരു അവസരമില്ലെന്നത് ഓർക്കണമെന്നും അധികൃതർ. നിർണായകമായ മത്സരത്തിൽ ഒരു പന്ത് പോലും നേരിടാനാകാതെ മാത്യൂസ് പുറത്തായത് പോലെയാണ് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ഹെല്‍മെറ്റ് ശരിയായി ധരിക്കാത്തവരുടെ അവസ്ഥയും എന്നത് ബോധ്യപ്പെടുത്തുകയാണ് അധികൃതരുടെ ലക്ഷ്യം.
ക്രിക്കറ്റ് നിയമങ്ങളുടെ നിർമാതാക്കാളായ മാരിൽബോൺ ക്രിക്കറ്റ് ക്ലബിന്‍റെ ടൈം ഔട്ട് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് മാത്യൂസ് മത്സരത്തിൽ നിന്ന് പുറത്തായത്. ഒരു ബാറ്ററുടെ വിക്കറ്റ് നഷ്‌ടപ്പെട്ടാലോ അല്ലെങ്കില്‍ മറ്റ് കാരണങ്ങളാല്‍ തിരിച്ച് കയറിയതിനോ ശേഷം ക്രീസിലെത്തുന്ന കളിക്കാരന്‍ മൂന്ന് മിനിട്ടുകള്‍ക്കകം അടുത്ത ബോള്‍ നേരിടാന്‍ തയ്യാറാവേണ്ടതുണ്ട് (ഈ ലോകകപ്പിൽ ഒരു ബാറ്റർ രണ്ട് മിനിട്ടിനകം ആദ്യ പന്ത് നേരിടണം). അതിന് കഴിഞ്ഞില്ലെങ്കില്‍ പുതുതായി ക്രീസിലെത്തിയ താരം ടൈം ഔട്ടാവും. ഇങ്ങനെ ബാറ്റിങ്ങിനെത്തിയ മാത്യൂസിന്‍റെ ഹെല്‍മെറ്റ് സ്ട്രാപ്പ് തകരാറിലായതോടെ കൃത്യസമയത്ത് ആദ്യ പന്ത് നേരിടാൻ കഴിയാതെ പുറത്താകുകയായിരുന്നു.