തിരുവനന്തപുരം: മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അടിയന്തരസാഹചര്യങ്ങള്‍ നേരിടുന്നതിനുമായി കേരള പൊലീസ് ഹെലിക്കോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നു. ഇതിനായി പവന്‍ഹാന്‍സ് എന്ന കമ്പനിയുമായി സർക്കാർ ഉടന്‍ കരാര്‍ ഒപ്പു വയ്ക്കും. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി സ്ഥിരമായി ഹെലിക്കോപ്റ്റര്‍ സംവിധാനം ഒരുക്കാന്‍ നേരത്തെ തന്നെ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഒരു കോടി നാല്പത്തിനാല് ലക്ഷം രൂപ പ്രതിമാസ വാടക നല്‍കിയാണ് ഹെലിക്കോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത്.
കേന്ദ്ര സര്‍ക്കാറിനു കൂടി ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് പവന്‍ഹാന്‍സ് കമ്പനി. പതിനൊന്ന് പേര്‍ക്ക് സഞ്ചരിക്കാവുന്ന ഹെലിക്കോപ്റ്ററാണ് വാടകയ്ക്ക് എടുക്കുക. കരാര്‍ പ്രകാരം 20 മണിക്കൂറാണ് ഹെലിക്കോപ്റ്റര്‍ ഉപയോഗിക്കാനാകുക. അധികം ഉപയോഗിക്കുന്ന ഓരോ മണിക്കൂറിനും അറുപതിനായിരം രൂപ വീതം വീണ്ടും നല്‍കേണ്ടി വരും. മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിനായി കേന്ദ്രം നല്‍കുന്ന ഫണ്ടാണ് ഇതിനായി വിനിയോഗിക്കുക. ഇന്ത്യയിലെ പത്തോളം സംസ്ഥാനങ്ങള്‍ക്ക് പവന്‍ഹാന്‍സാണ് ഹെലിക്കോപ്റ്റര്‍ സംവിധാനം ലഭ്യമാക്കുന്നത്. ഇതുകൊണ്ടാണ് കേരളവും പവന്‍ഹാന്‍സ് കമ്പനി തെരഞ്ഞെടുത്തത്. മന്ത്രിസഭാ തീരുമാനത്തെ തുടര്‍ന്ന് ചീഫ്‌സെക്രട്ടറിയയും ഡിജിപിയുമടക്കമുള്ള ഉദ്യോഗസ്ഥ സംഘം വിവിധ കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടയത്. ഈ മാസം പത്തിന് കമ്പനിയുമായി ധാരണ ഒപ്പുവയ്ക്കും. പതിനഞ്ചാം തീയതിയോടെ ഹെലിക്കോപ്റ്റര്‍ എത്തിക്കാനാണ് തീരുമാനം.
നിലവില്‍ മവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളും പ്രകൃതി ദുരന്തമുള്‍പ്പെടെയുള്ള അടിയന്തരസാഹചര്യങ്ങള്‍ക്കുമാണ് ഉപയോഗിക്കുകയെങ്കിലും വി.വി.ഐ.പി യാത്രകള്‍ക്കായി ഹെലികോപ്റ്റര്‍ ഉപയോഗിക്കാനുള്ള സാധ്യതയും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. കരാറിലടക്കം ഇതിനുള്ള മാറ്റങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നിലവില്‍ മുഖ്യമന്ത്രി ഉള്‍പ്പെയുള്ളവരുടെ യാത്രയ്ക്കായി സ്വകാര്യ കമ്പനികളുടെ ഹെലിക്കോപ്റ്ററുകള്‍ വാടകയ്ക്ക് എടുക്കുകയാണ് കേരള പൊലീസ് ചെയ്യുന്നത്. വന്‍ സാമ്പത്തിക നഷ്ടമാണ് ഇതിലൂടെ സര്‍ക്കാറിന് ഉണ്ടാകുന്നത്. ഇത് മറികടക്കാന്‍ കൂടിയാണ് സ്ഥിരമായി ഒരു ഹെലികോപ്റ്റര്‍ സംവിധാനമൊരുക്കുന്നത്.