തിരുവനന്തപുരം:സംസ്ഥാന വ്യാപകമായി ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 13 ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. 64 മില്ലീമീറ്റർ മുതൽ 115 മില്ലീമീറ്റർ വരെ ശക്തമായ മഴ പെയ്യാനാണ് സാധ്യത. ഇടിമിന്നലിന്നും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 30 മുതൽ 40 വരെ കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത. കടലോര മേഖലകളിലും ശക്തമായ കാറ്റിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മത്സ്യ തൊഴിലാളി ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിർദേശം നൽകി.
അറബിക്കടലിൽ രൂപം കൊണ്ട ന്യൂന മർദം അതിശക്തമായ ചുഴലിക്കാറ്റായി മാറിയിട്ടുണ്ട്. ഉംപൂൺ ചുഴലിക്കാറ്റ് നേരിട്ട് സംസ്ഥാനത്ത് ബാധിക്കില്ല. ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിലാണ് സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുന്നത്. സ്ഥിതിഗതികൾ സൂക്ഷമായി വിശകലനം ചെയ്യുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓരോ മൂന്ന് മണിക്കൂറിലും ഇത് സംബന്ധിച്ച് മുന്നറിയിപ്പുകൾ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിക്കുന്നുണ്ട്.