തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തിൽ മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ ശനിയാഴ്‌ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഞായറാഴ്‌ച യെല്ലോ അലർട്ടാണ്.
ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 10 മണി വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത നിർദേശങ്ങൾ പാലിക്കണം. ഈ സമയത്ത് തുറസായ സ്ഥലത്തും ടെറസിലും പോകുന്നത് ഒഴിവാക്കണമെന്നാണ് നിർദേശം. കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം നൽകി.