തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ. പതിനാല് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ ആറു ജില്ലകളിലായിരുന്നു യെല്ലോ അലര്‍ട്ട്. അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദമാണ് ശക്തമായ മഴക്ക് കാരണം.
തെക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസം രാത്രി മുതൽ ആരംഭിച്ച മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളക്കെട്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരളത്തിലും ലക്ഷദ്വീപിലും ഇന്നും നാളെയും ഇടിയും മിന്നലോടു കൂടിയ മഴക്ക് സാധ്യത.