തിരുവനന്തപുരം : സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണിത്. തിരുവനന്തപുരത്ത് ഓറഞ്ച് അലര്‍ട്ടാണ്(Orange Alert In Trivandrum). കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാന വ്യാപകമായി ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു (Heavy Rain In Kerala).
കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കാണ് സാധ്യത കൂടുതലെന്നും അറിയിപ്പുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ രാത്രി മുതല്‍ കനത്ത മഴ തുടരുകയാണ്. മഴയില്‍ ജില്ലയിലെ തമ്പാനൂര്‍, ഉള്ളൂര്‍, ചാക്ക, വെള്ളായണി എന്നിവിടങ്ങളിലെ റോഡുകളില്‍ വെള്ളം കയറി. അമയിഴഞ്ചാന്‍ തോട്ടിന്‍റെ കരകളില്‍ താമസിക്കുന്നവരുടെ വീടുകളിലും വെള്ളം കയറി.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ തുടരുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്. മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകും. വരുന്ന അഞ്ച് ദിവസത്തേക്ക് കൂടി മഴ തുടരും.
തെക്ക് പടിഞ്ഞാറന്‍ ജാര്‍ഖണ്ഡിന് മുകളിലും ചേര്‍ന്നുള്ള വടക്കന്‍ ഛത്തീസ്‌ഗഡിനും മുകളില്‍ ന്യൂനമര്‍ദ്ദം നിലനില്‍ക്കുകയാണ്. മധ്യ മഹാരാഷ്ട്രയ്ക്ക് മുകളില്‍ ചക്രവാതച്ചുഴിയുമുണ്ട്. ഇവയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് പരക്കെ മഴ തുടരുന്നത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഇന്നലെ രാത്രി മുതല്‍ കനത്ത മഴ തുടരുകയാണ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്‌ക്കും സാധ്യതയുണ്ട്.
അതേസമയം, സംസ്ഥാനത്തെ തീരദേശ മേഖലകളില്‍ ഇന്ന് രാത്രി 11.30 വരെ കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത പ്രവചിച്ച് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. തിരുവനന്തപുരത്ത് രാത്രി 11.30 വരെ 2.5 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലയ്ക്കുള്ള സാധ്യതയുണ്ട്. അപകട മേഖലകളില്‍ താമസിക്കുന്നവര്‍, അധികൃതരുടെ നിര്‍ദേശം പരിഗണിച്ച് മാറി താമസിക്കണം.
മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട്, വെള്ളം തുടങ്ങിയ ഉപകരണങ്ങള്‍ ഹാര്‍ബറുകളില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. സുരക്ഷിത അകലം പാലിച്ച് കെട്ടിയിട്ടാല്‍ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടത്തിനുള്ള സാധ്യത ഒഴിവാകും. മുന്നറിയിപ്പുകള്‍ പരിഗണിച്ച് ബീച്ചുകളിലേക്കുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണം.
കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായി ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ, ഉരുൾപൊട്ടല്‍ ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങള്‍ എന്നിവിടങ്ങളിൽ നിന്നുമാറി താമസിക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരള തീരത്തും തെക്കൻ തമിഴ്‌നാടൻ തീരദേശ പ്രദേശങ്ങളിലും ശക്തമായ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിപ്പ് നൽകി. അതേസമയം കർണാടക തീരം മത്സ്യബന്ധനത്തിന് സുരക്ഷിതമാണെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്.