തിരുവനന്തപുരം : ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വീസ് പരീക്ഷയില്‍ വിജയം നേടിയവരുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് രണ്ടുപേര്‍ മാത്രമാണുള്ളത്. അവരുടെ വിജയത്തിന് പതിന്‍മടങ്ങ് തിളക്കം നല്‍കുന്നത് അവര്‍ അതിജീവിച്ച പ്രതിസന്ധികളാണ്. തിരുവനന്തപുരം തിരുമല സ്വദേശികളായ സഹോദരിമാര്‍ പാര്‍വതി.എ.എസും, ലക്ഷ്‌മി.എ.എസുമാണ് ആരും കൊതിക്കുന്ന നേട്ടം കരസ്ഥമാക്കിയത്.
ജന്‍മനാ കേള്‍വി പരിമിതിയുള്ള ഇവര്‍ ഒരു പ്രതിസന്ധിക്ക് മുന്നിലും തളര്‍ന്നില്ല. പുതുവഴികള്‍ കണ്ടെത്തി കഠിനാധ്വാനം ചെയ്‌ത് മുന്നേറി. മരാമത്ത് വകുപ്പിലെ ജൂനിയര്‍ സൂപ്രണ്ട് സീതയുടെ മൂന്ന് മക്കളില്‍ ഇളയവരാണ് ലക്ഷ്മിയും പാര്‍വതിയും. മൂത്തമകന്‍ വിഷ്ണുവിനും കേള്‍വി പരിമിതിയുണ്ട്.
ഇളയ മക്കള്‍ക്ക് 2 വയസുള്ളപ്പോള്‍ അച്ഛന്‍ അജികുമാറിന്‍റെ മരണം ഈ കുടുംബത്തെ തളര്‍ത്തി. ആരും വീണുപോകാവുന്ന പ്രതിസന്ധികളോട് തളരാതെ പോരാടി മുന്നോട്ടുപോകാനുള്ള അമ്മ സീതയുടെ മനസും ഉപദേശവുമാണ് ഇവര്‍ക്ക് കരുത്തായത്. കേള്‍വി പരിമിതിയുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പീച്ച് ആന്‍ഡ് ഹിയറിങ്ങിലായിരുന്നു (നിഷ്) ഇവരുടെ പഠനം.
ALSO READ: എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു; 2,962 പരീക്ഷ കേന്ദ്രങ്ങള്‍
മറ്റുള്ളവരുടെ ചുണ്ടനക്കത്തിലൂടെ കാര്യങ്ങള്‍ മനസിലാക്കാന്‍ ശീലിച്ചതോടെ പഠനത്തിലും മികവുപുലര്‍ത്താന്‍ ഈ സഹോദരിമാര്‍ക്കായി. എന്‍ട്രന്‍സ് എഴുതി തിരുവനന്തപുരം സിഇടിയില്‍ പ്രവേശനം നേടി. ജലസേചന വകുപ്പില്‍ അസിസ്‌റ്റന്‍റ് എന്‍ജിനീയറായി ജോലി ചെയ്യുകയാണ് പാര്‍വതി.
തദ്ദേശഭരണ വകുപ്പില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ അസിസ്റ്റന്‍റ് എന്‍ജിനീയറായി ജോലി ചെയ്യുകയാണ് ലക്ഷ്‌മി. കേന്ദ്രസര്‍ക്കാര്‍ ജോലി ലഭിച്ചെങ്കിലും അത് വേണ്ടെന്നുവച്ചാണ് പാര്‍വതി സഹോദരിക്കൊപ്പം ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വീസിനായി പരിശീലിച്ചത്. 2019 മുതല്‍ പരീക്ഷയെഴുതുകയാണ് ഈ സഹോദരങ്ങള്‍.
ഇത്തവണ പാര്‍വതിക്ക് 74ഉം ലക്ഷ്മിക്ക് 75ഉം റാങ്കുകളാണ് ലഭിച്ചത്. കേള്‍വി പരിമിതിയുള്ളതിനാല്‍ പരിശീലനത്തിനൊന്നും പോകാതെ സ്വന്തമായി പഠിച്ചാണ് ഈ മികച്ച വിജയം കൈവരിച്ചിരിക്കുന്നത്. ഇരുവര്‍ക്കും ആശംസകളുമായി നിവധി പേരാണ് ഇവരുടെ വീട്ടിലേക്കെത്തുന്നത്. എന്നാല്‍ പാര്‍വതി ജോലി സംബന്ധമായി കോട്ടയത്തായതിനാല്‍ പലരേയും പിന്നീട് കാണാമെന്നാണ് കുടുംബം അറിയിക്കുന്നത്.