തിരുവനന്തപുരം : ജനറൽ ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തി ആരോഗ്യമന്ത്രി വീണ ജോർജ്. ആശുപത്രിയിലെ പാസ് കൗണ്ടർ കേടാണെന്ന് തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരെ നടപടിയെടുത്ത് ആരോഗ്യമന്ത്രി.

മുന്നറിയിപ്പില്ലാതെ ജനറല്‍ ആശുപത്രിയിലെത്തിയ ആരോഗ്യമന്ത്രി ആദ്യമെത്തിയത് പാസ് കൗണ്ടറിലായിരുന്നു. രണ്ട് കൗണ്ടറുകളില്‍ ഒന്ന് മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും രണ്ട് കൗണ്ടറുകളുള്ളതായി ബോര്‍ഡുണ്ടെങ്കിലും ഒരു കൗണ്ടര്‍ മാത്രമേ പ്രവര്‍ത്തിക്കാറൂള്ളൂവെന്ന് ഒരു രോഗി മന്ത്രിയോട് പരാതി പറഞ്ഞു.
ഉടന്‍ തന്നെ മന്ത്രി കൗണ്ടറില്‍ കയറി കാര്യമന്വേഷിച്ചു. കമ്പ്യൂട്ടർ കേടായെന്നും 11 മാസമായി പ്രവർത്തിക്കുന്നില്ലെന്നും ജീവനക്കാരി മന്ത്രിയെ അറിയിച്ചു. ഉടന്‍ തന്നെ ആശുപത്രി സൂപ്രണ്ടിനെ വിളിച്ചുവരുത്തി മന്ത്രി വിശദീകരണം ആവശ്യപ്പെട്ടു.

Also Read: 55കാരന്‍റെ വൻകുടലിൽ ഗ്ലാസ് ടംബ്ലർ ; കാരണം കേട്ട് കുഴങ്ങി ഡോക്‌ടർമാർ
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇതോടെയാണ് തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി നിർദേശം നല്‍കിയത്. രണ്ട് കൗണ്ടറുകളും പുനസ്ഥാപിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
ആശുപത്രിയിലെ അടഞ്ഞുകിടക്കുന്ന സ്ട്രോക്ക് യൂണിറ്റ് എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാനും സ്‌ട്രോക്ക് ചികിത്സയ്ക്ക് ആശുപത്രിയിലെത്തുന്നവര്‍ക്ക് പരിചരണം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
അത്യാഹിത വിഭാഗം, വെയിറ്റിങ് ഏരിയ, ഫാര്‍മസി, കൊവിഡ് വാര്‍ഡ്, ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്‌സ്, വിവിധ ഐസിയുകള്‍, കാത്ത് ലാബ് എന്നിവ മന്ത്രി സന്ദര്‍ശിച്ചു.
രോഗികളുമായും ജീവനക്കാരുമായും മന്ത്രി ആശയവിനിമയം നടത്തി. ആശുപത്രി സൗകര്യം, സേവനം, ചികിത്സ എന്നിവ ഉറപ്പാക്കാനായിരുന്നു ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം.