തിരുവനന്തപുരം: കൊവിഡ് മരണവുമായി ബന്ധപ്പെട്ട ലിസ്റ്റിൽ ഉൾപ്പെടാത്ത മരണങ്ങൾ ആരോഗ്യ വകുപ്പ് പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. കുടുംബാരോഗ്യകേന്ദ്ര തലത്തിൽ തന്നെ കൊവിഡ് മരണ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും സർക്കാർ നിലപാട് സുതാര്യമാണെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു. നിയമസഭയിൽ അടുത്ത സാമ്പത്തിക വർഷത്തെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിൻ്റെ ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
കൊവിഡിനെതിരെ കേരളം സ്വീകരിച്ച രീതിയാണ് ശരിയെന്ന് സൂചിപ്പിക്കുന്നതാണ് സീറോ സർവൈലൻസ് പഠനം. ടാർഗറ്റ് ടെസ്റ്റിങ്ങാണ് കേരളത്തിൽ ടിപിആർ ഉയരാൻ കാരണം. കേരളത്തിൽ ടെസ്റ്റ് പെർ മില്യൺ ദേശീയ ശരാശരിയേക്കാൾ കൂടുതലാണെന്നും സംസ്ഥാനത്തെ 6284 സാമ്പിളുകൾ പരിശോധിച്ചതിൽ ഭൂരിഭാഗത്തിലും ഡെൽറ്റ വകഭേദം കണ്ടെത്തിയതായും മന്ത്രി അറിയിച്ചു.
പ്രതിദിനം മൂന്നു ലക്ഷം ഡോസ് വാക്‌സിൻ വീതം നൽകാനായാൽ ഒന്നര മാസത്തിനകം കേരളത്തിലെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവർത്തകരെ ആര് ആക്രമിച്ചാലും തെറ്റാണ്. അത് അംഗീകരിക്കില്ല. സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ ട്രാൻസ്ജെൻഡർ സൗഹൃദമാക്കുമെന്നും മന്ത്രി പറഞ്ഞു.