തിരുവനന്തപുരം: ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് വരുന്ന പ്രവാസികൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കാര്യത്തിൽ കേന്ദ്ര നിർദേശം കൂടി പരിഗണിച്ചാകും തീരുമാനമെടുക്കുകയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. യാത്രാക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് അഭിപ്രായം മുന്നോട്ടുവച്ചത്. ചൊവ്വാഴ്‌ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസില്‍ കൂടിക്കാഴ്ച നടത്തും. അതിനുശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആരോടും വെറുപ്പുള്ളതുകൊണ്ടല്ല ഇത്തരം അഭിപ്രായം പറഞ്ഞത്. രോഗാവസ്ഥയിൽ യാത്ര ചെയ്യുന്നത് അപകടകരമാണ്. കൂടാതെ ഗർഭിണികളടക്കം യാത്ര ചെയ്യുന്ന വിമാനത്തിൽ കൊവിഡ് ബാധിതരുമുണ്ടെങ്കിൽ വലിയ ബുദ്ധിമുട്ടുണ്ടാകും. രോഗബാധയുള്ള പ്രവാസികൾക്ക് അവിടെ തുടരാനുള്ള സാഹചര്യമുണ്ടെങ്കിൽ അതാണ് നല്ലത്. പ്രവാസി സംഘടനകൾ കഴിയുമെങ്കിൽ കൊവിഡ് പരിശോധനാ സൗകര്യങ്ങൾ ഒരുക്കികൊടുക്കാൻ ശ്രമിക്കണം. എന്തുപറഞ്ഞാലും എതിർക്കുന്നവരാണ് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിലും ഇതാണുണ്ടായതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യത തള്ളിക്കളയാനാകില്ല. ഫലപ്രദമായ ഇടപെടലിലൂടെയാണ് നമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം നിയന്ത്രിച്ചു നിർത്തുന്നത്. നിലവിൽ 10 ശതമാനമാണ് സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം. ഇത് ഇനിയും കുറച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം 30 ശതമാനത്തിന് മുകളിലെത്തിയാൽ ഭയക്കേണ്ടതുണ്ടെന്നും സമൂഹവ്യാപനം തടയാൻ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.