തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും യാതൊരു ആശങ്കയും വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വീട് മുതൽ സ്‌കൂൾ വരെയും തിരിച്ചും വിദ്യാർഥികൾക്ക് എല്ലാ പഴുതുകളും അടച്ചുള്ള സുരക്ഷ ഏർപ്പെടുത്തും.
വിശദമായ മാർഗരേഖ തയാറാക്കാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയതായും മന്ത്രിമാരായ വി.ശിവൻകുട്ടിയും വീണ ജോർജും വ്യക്തമാക്കി.
Also Read: ഹയർസെക്കൻഡറിയിൽ അധിക ബാച്ചുകള്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
നവംബർ ഒന്നിന് സ്‌കൂൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്. ഫീൽഡിൽ നിന്നുള്ള റിപ്പോർട്ട് കൂടി പരിഗണിച്ചാവും പ്രിൻസിപ്പൽ സെക്രട്ടറിമാർ മാർഗരേഖ തയ്യാറാക്കുക. ഏതെങ്കിലും തരത്തിലുള്ള ആശങ്കയുണ്ടെങ്കിൽ അധ്യാപകരുടേത് ഉൾപ്പടെ വിവിധ സംഘടനകളുടെ യോഗം വിളിക്കും.
ബയോ ബബിൾ സംവിധാനത്തിലാണ് സ്‌കൂളുകൾ തുറക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൻ്റെ സൂക്ഷ്‌മമായ വിവരങ്ങൾ വ്യാഴാഴ്‌ച ചേർന്ന ഉന്നതതലയോഗം ചർച്ച ചെയ്തതായും മന്ത്രിമാർ വ്യക്തമാക്കി.