തിരുവനന്തപുരം: ഇറ്റലിയില്‍ നിന്നും കേരളത്തിലെത്തിയ തിരുവനന്തപുരം സ്വദേശിയെ പരിശോധിക്കുന്നതില്‍ ആരോഗ്യ വകുപ്പിന് വീഴ്‌ച സംഭവിച്ചെന്ന് കെ.എസ്. ശബരീനാഥന്‍ എംഎല്‍എ നിയമസഭയില്‍ ആരോപിച്ചു. നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് എംഎല്‍എ ഇക്കാര്യം ഉന്നയിച്ചത്. ഫെബ്രുവരി 11ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആൾക്ക് വിമാനത്താവളത്തില്‍ കൃത്യമായ പരിശോധനകളൊന്നും നടത്തിയില്ലെന്നാണ് ആരോപണം. പിന്നീട് വാര്‍ഡ് മെമ്പറിന്‍റെ നിര്‍ദേശ പ്രകാരമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പരിശോധന നടത്തിയത്.
ആദ്യഘട്ട പരിശോധന ഫലം കൊവിഡ് 19 പോസിറ്റീവാണെന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വാഹനം അയച്ച് ഇദ്ദേഹത്തെ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രോഗ വിവരം അന്വേഷിച്ചപ്പോള്‍ വിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞതെന്നും കെ.എസ്. ശബരീനാഥന്‍ കുറ്റപ്പെടുത്തി. താന്‍ പ്രതിപക്ഷ എംഎല്‍എ ആയതിനാലാണ് ഡിഎംഒ ഇങ്ങനെ പെരുമാറിയതെന്നും അദ്ദേഹം ആരോപിച്ചു.
സര്‍ക്കാര്‍ പ്രതിപക്ഷത്തോട് കൂടിയാലോചിക്കാതെയാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് വേണോയെന്നും ശബരീനാഥന്‍ ചോദിച്ചു. അതേസമയം അടിയന്തര പ്രമേയ ചര്‍ച്ചക്ക് മറുപടി പറഞ്ഞ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ശബരീനാഥന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയില്ല.