തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ പരിശോധനയ്‌ക്ക് നേരിട്ടെത്തി കുട്ടികൾക്കൊപ്പം ആഹാരം കഴിച്ച ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിലിന് ചോറിൽ നിന്ന് കിട്ടിയത് തലമുടി. തിരുവനന്തപുരം ഗവ.എൽ.പി.എസ് കോട്ടൺഹില്ലിലാണ് ഭക്ഷണം കഴിക്കുന്നതിനിടെ മന്ത്രിയുടെ കൈയിൽ മുടി കുരുങ്ങിയത്. ഇതോടെ പാത്രം ഉൾപ്പെടെ മാറ്റി വീണ്ടും ഭക്ഷണമെത്തിക്കുകയായിരുന്നു.
സ്‌കൂൾ തുറന്നതിന് പിന്നാലെ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ പശ്ചാത്തലത്തിലാണ് മന്ത്രി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ നേരിട്ട് പരിശോധനയ്‌ക്ക് ഇറങ്ങിയത്. സ്‌കൂളുകളിൽ പരിശോധന നടത്തി ജനപ്രതിനിധികൾ കുട്ടികൾക്കൊപ്പം ആഹാരവും കഴിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. ഇത് നടപ്പാക്കാനാണ് മന്ത്രിയെത്തിയത്.
അപ്രതീക്ഷിതമായി മന്ത്രിക്കു തന്നെ ഭക്ഷണത്തിൽ നിന്ന് തലമുടി കിട്ടുകയും ചെയ്‌തു. ഇതോടെ ഭക്ഷ്യയോഗ്യമല്ലാത്ത ധാന്യങ്ങൾ വിവിധ സ്‌കൂളുകളിൽ സൂക്ഷിച്ചിരിക്കുന്നുവെന്ന ആരോപണത്തിനു പിന്നാലെ, വൃത്തിയില്ലാതെ ഭക്ഷണം തയാറാക്കി കുട്ടികൾക്കു നൽകുന്നുവെന്ന ആരോപണം കൂടി നേരിടേണ്ട ഗതികേടിലാണ് സർക്കാർ.
അതേസമയം, സ്‌കൂളുകളിൽ ഇനിയും പരിശോധന ശക്തമാക്കുമെന്ന് മന്ത്രി ജി.ആർ അനിൽ വ്യക്തമാക്കി. വിദ്യാഭ്യാസ, ഭക്ഷ്യ-ആരോഗ്യ വകുപ്പുകളാണ് സ്‌കൂളുകളിലെ പരിശോധനയ്‌ക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ ദിവസം പൂജപ്പുര ഗവ. യു.പി.എസിൽ മിന്നൽ പരിശോധന നടത്തിയ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സ്‌കൂളിലെ പാചകപ്പുര ശുചിത്വം പാലിച്ചാണോ പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കുകയും വിദ്യാർഥികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്‌തിരുന്നു.