തിരുവനന്തപുരം: 2018ലെ മികച്ച കായിക താരങ്ങൾക്കുള്ള ജി.വി രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അത്‌ലറ്റിക് താരമായ മുഹമ്മദ് അനസാണ് പുരുഷ വിഭാഗം ജേതാവ്. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഓട്ടത്തിൽ വെള്ളിമെഡലടക്കം ഏഷ്യൻ തലത്തിൽ മികച്ച പ്രകടനം മുഹമ്മദ് അനസ് കാഴ്‌ച വെച്ചിരുന്നു. വനിതാ വിഭാഗത്തിൽ ബാഡ്മിന്റൺ താരം പി.സി. തുളസിയും അവാർഡിനർഹയായി. ഏഷ്യൻ ഗെയിംസിൽ വെങ്കലത്തോടൊപ്പം യുബെർ കപ്പിലും നേട്ടം കൈവരിച്ചയാളാണ് പി.സി. തുളസി. 3 ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്കാരം . തിരുവനന്തപുരത്ത് മന്ത്രി ഇ.പി. ജയരാജനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
മികച്ച കായിക പരിശീലകനുള്ള അവാർഡ് ഫുട്ബോൾ പരിശീലകൻ സതീവൻ ബാലനാണ്. 13 വർഷത്തിനു ശേഷം കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത പരിശീലകനാണ് സതീവൻ ബാലൻ. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം .ഒളിമ്പ്യൻ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡിന് അത്‌ലറ്റിക് പരിശീലകൻ ടി.പി ഔസേഫ് അർഹനായി. രണ്ട് ലക്ഷം രൂപയും ഫലകവും പ്രശസ്‌തിപത്രവുമാണ് അവാർഡ്. കോളജ് തലത്തിൽ മികച്ച കായിക അധ്യാപകനുള്ള പുരസ്കാരത്തിന് കണ്ണൂർ എസ്.എൻ കോളജിലെ ഡോ. കെ. അജയകുമാറും സ്കൂൾ തലത്തിൽ പാലക്കാട് ജില്ലയിലെ സി.എഫ്.ഡി.എച്ച്.എസ് മാത്തൂരിലെ കെ. സുരേന്ദ്രനുമാണ് അവാർഡ്. സ്പോർട് കൗൺസിൽ പ്രസിഡന്‍റ് മേഴ്‌സിക്കുട്ടന്‍റെ അധ്യക്ഷതയിലുള്ള ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.