തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനത്തിന് വിശദമായ മാർഗരേഖ വിദ്യാഭ്യാസ വകുപ്പ് ഇന്ന് പുറത്തിറക്കും. ഇതിനായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. രാവിലെ 11 മണിക്കാണ് മന്ത്രിയുടെ ഓഫിസിലാണ് യോഗം.
ഈ മാസം 21 മുതൽ 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് മാത്രം ഓഫ്‌ലൈനായും ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഓൺലൈനായും ക്ലാസുകൾ നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഈ നിയന്ത്രണം പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായാണ് മാർഗരേഖ തയാറാക്കുന്നത്.
പത്താം ക്ലാസിലെ കുട്ടികൾക്ക് കൂടുതൽ ക്ലാസ് സമയം നൽകാനുള്ള സാധ്യതയുണ്ട്. ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകൾ. പിന്നീട് സംസ്ഥാന തലത്തിൽ ഒരു മാനദണ്ഡവും സ്‌കൂൾ അധികാരികൾക്ക് കുട്ടികളുടെ എണ്ണമനുസരിച്ച് നിയന്ത്രണവും ഏർപ്പെടുത്താനുള്ള അധികാരം നൽകുന്ന തരത്തിലാകും മാർഗരേഖ.
കുട്ടികൾ പരസ്‌പരം ഇടപഴകുന്നത് രോഗവ്യാപനത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നതിനാൽ ഗ്രൂപ്പുകളായി തിരിച്ചുള്ള ക്ലാസ് നടത്തിപ്പ് അടക്കമുള്ള വഴികളും സംസ്ഥാന സർക്കാർ പരിഗണിച്ചേക്കും. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ തീയതികളിൽ മാറ്റമുണ്ടാകില്ല. മുൻ നിശ്ചയിച്ച തീയതികളിൽ തന്നെ പരീക്ഷകൾ നടക്കും. എസ്എസ്എൽസി സിലബസ് ഫെബ്രുവരി 1ന് പൂർത്തിയാക്കും. പ്ലസ് ടു സിലബസ് ഫെബ്രുവരി അവസാനവും പൂർത്തിയാക്കാനാണ് സർക്കാർ ശ്രമം. ഇതനുസരിച്ചാകും മാർഗരേഖയും.
Also Read: കൊവിഡ് വ്യാപനം; യുപിയിൽ വെർച്വൽ ക്യാമ്പയിനൊരുങ്ങി ബിജെപി