തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ആശ്രിത നിയമനങ്ങളിൽ നിയന്ത്രണം കൊണ്ടുവരാൻ സർക്കാർ. സർക്കാർ ഉദ്യോഗസ്ഥർ മരണപ്പെട്ടാൽ അവരുടെ ആശ്രിതർ ഒരു വർഷത്തിനുള്ളിൽ നിയമനം സ്വീകരിച്ചാൽ മാത്രമേ ആശ്രിത നിയമനത്തിന് അർഹത ലഭിക്കുകയുള്ളൂവെന്ന നിയന്ത്രണമാണ് സർക്കാർ കൊണ്ടുവരുന്നത്.
സർവീസ് സംഘടനകളുടെ അടക്കം വിശദമായ ചർച്ചകൾക്ക് ശേഷമാകും ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരിക. ഒരു വർഷത്തിനകം നിയമനം നേടാൻ സാധിക്കാത്തവർക്ക് 10 ലക്ഷം രൂപ ആശ്രിത ധനമായി നൽകും. ഹൈക്കോടതിയുടെ അടക്കം നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ആശ്രിത നിയമനങ്ങൾ നിയന്ത്രിക്കാൻ തയ്യാറെടുക്കുന്നതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.
ഇതുകൂടാതെ എല്ലാ മാസവും നാലാം ശനി കൂടി സർക്കാർ ജീവനക്കാർക്ക് അവധി നൽകുന്ന കാര്യവും സർക്കാരിന്‍റെ പരിഗണനയിലുണ്ട്. നിലവിൽ ബാങ്കുകൾക്കും കേന്ദ്ര സർക്കാർ ജീവനക്കാർക്കുമാണ് നാലാം ശനി അവധി. ഇക്കാര്യങ്ങളിൽ വിശദമായ ചർച്ച നടത്താനാണ് സർക്കാർ തീരുമാനം.
ഇതിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചത്. എല്ലാ സംഘടനകളുടെ പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഓൺലൈനായി ഈ മാസം 10 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.
നിലവിൽ വകുപ്പുകളിൽ വരുന്ന ഒഴിവിൻ്റെ അഞ്ച് ശതമാനം മാത്രമേ ആശ്രിത നിയമനം പാടുള്ളൂവെന്നാണ് ഹൈക്കോടതി നിർദേശം. അതിനാൽ വലിയ കാലതാമസമാണ് ആശ്രിത നിയമനത്തിൽ വരുന്നത്. നേരത്തെ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.
ഇതിന് പിന്നാലെയാണ് നിയമ വകുപ്പിന്‍റെ വിലയിരുത്തലിന്‍റെ കൂടെ അടിസ്ഥാനത്തിൽ ഈ മാറ്റത്തിന് സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്. പുതിയ നിയന്ത്രണം കൂടി എത്തുന്നതോടെ സർക്കാർ ഉദ്യോഗസ്ഥർക്കു ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങളിൽ ഒന്നിലാണ് മാറ്റം വരുന്നത്.