തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുള്ള അഭിപ്രായ വ്യത്യാസം തുടരുമെങ്കിലും ഇക്കൊല്ലവും നിയമസഭാ സമ്മേളനം ആരംഭിക്കുന്നത് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആയിരിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഗവര്‍ണര്‍ സര്ക്കാരിന്റെ തലവനാണ്. അതിനാല്‍ സര്ക്കാരിന്റെ നയം പറയേണ്ടത് ഗവര്‍ണറാണെന്നും സ്‌പീക്കര്‍ വ്യക്തമാക്കി.
എല്ലാവരും ഭരണഘടനയോട് ഉത്തരവാദിത്തം ഉള്ളവരായിരിക്കണം. ആ ചുമതല ഗവര്‍ണര്‍ക്കും ഉണ്ടെന്ന് ഇ.ടി.വി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ സ്പീക്കര്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതില്‍ ഭരണഘടനാ വിരുദ്ധതയോ കീഴ്വഴക്ക ലംഘനമോ ഇല്ല. പ്രമേയം പാസാക്കിയത് തെറ്റെന്ന് ഗവര്‍ണര്‍ പറഞ്ഞത് ശരിയല്ലെന്നും സ്‌പീക്കര്‍ വ്യക്തമാക്കി.