തിരുവനന്തപുരം : സര്‍വകലാശാല നിയമ ഭേദഗതി ബില്‍ രാഷ്‌ട്രപതിക്ക് അയക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സിലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ മാറ്റുന്ന ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിരുന്നില്ല. കണ്‍കറന്‍റ് ലിസ്‌റ്റില്‍ ഉള്‍പ്പെട്ട വിഷയമായതിനാലാണ് രാഷ്‌ട്രപതിയുടെയും കേന്ദ്രസര്‍ക്കാറിന്‍റെയും നിലപാട് തേടുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
നിയമം ഭേദഗതി ചെയ്യാന്‍ നിയമസഭയ്ക്ക് അധികാരമുണ്ട്. എന്നാല്‍ തനിക്ക് ആ നിയമത്തില്‍ ഒപ്പിടുമ്പോള്‍ എല്ലാ വശവും പരിശോധിക്കേണ്ടതുണ്ട്. നിയമം അനുവദിക്കുന്നതാണെങ്കില്‍ ഒപ്പിടുന്നതില്‍ ഒരു തടസ്സവുമില്ലെന്നും സര്‍ക്കാറുമായി പോരിന് ഇല്ലായെന്ന കാര്യം പലതവണ വ്യക്തമാക്കിയതാണെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. തനിക്ക് മുന്നില്‍ മറ്റ് വഴികള്‍ ഇല്ലാത്തതിനാണ് ഈ നിലപാട് സ്വീകരിക്കുന്നതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.
കണ്ണൂര്‍ വിസി നിയമനത്തിലടക്കം സര്‍വകലാശാല വിഷയങ്ങളില്‍ താന്‍ എടുത്ത നിലപാട് സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്. സര്‍ക്കാറിന്‍റെ തെറ്റുകള്‍ ചൂണ്ടികാണിക്കാന്‍ താന്‍ പ്രതിപക്ഷ നേതാവല്ല. പേഴ്‌സണല്‍ സ്‌റ്റാഫിന്‍റെ പെന്‍ഷന്‍ അടക്കമുള്ള വിഷയങ്ങള്‍ ആരും ഉയര്‍ത്തിക്കാണിക്കുന്നില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനസമയത്തും ആരും തെറ്റ് പറഞ്ഞില്ലെന്നും അതിനാലാണ് ഈ വിഷയം താന്‍ ഉയര്‍ത്തുന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.