തിരുവനന്തപുരം: ഗവർണർ- സർക്കാർ പോരാട്ടത്തിന്‍റെ ഫലമായി മലയാളം സർവകലാശാല വിസി നിയമനവും കോടതി കയറിയേക്കും. സർക്കാർ ആവശ്യപ്പെടുന്നതിനനുസരിച്ച് സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാൻ ഗവർണർ വിസമ്മതിച്ചതോടെയാണ് മലയാള സർവകലാശാല വൈസ് ചാൻസിലർ നിയമനവും കോടതി കയറുമെന്ന സാധ്യത ഉയരുന്നത്. സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകുന്നതിൽ ഗവർണറുടെ മറുപടി പ്രതികൂലമെങ്കിൽ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ.
പോരില്‍ വഴി മുട്ടി വിസി നിയമനം: കേരള സർവകലാശാല, സാങ്കേതിക സർവകലാശാല എന്നിവയ്ക്ക് പുറമേ മലയാള സർവകലാശാല വൈസ് ചാൻസിലർ നിയമനവും വഴിമുട്ടി നിൽക്കുകയാണ്. കാലാവധി അവസാനിക്കാൻ പോകുന്ന കുസാറ്റ്, എംജി സർവ്വകലാശാലകളിലെ വിസിമാരുടെ നിയമനവും സർക്കാർ ഗവർണർ പോരിനെ ആശ്രയിച്ചിരിക്കും. ഇവിടങ്ങളിലേക്കുള്ള വിസി സെർച്ച് കമ്മിറ്റി രൂപവൽക്കരണവും ആശങ്കയിലാണ്.
മലയാള സർവകലാശാല വിസി നിയമനത്തിന് 2018ലെ യുജിസി മാർഗ രേഖ അനുസരിച്ച് സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നുവെന്നാണ് ഗവർണർക്ക് അയച്ച കത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. എന്നാൽ, വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത് സർക്കാർ അല്ല ചാൻസിലർ ആണെന്നും ഇത് മറികടന്നാണ് സർക്കാർ തീരുമാനമെടുത്തെതെന്നുമാണ് രാജ്ഭവന്‍റെ വാദം. യുജിസി മാര്‍ഗ രേഖയിൽ സെർച്ച് കമ്മിറ്റി വേണമെന്ന് മാത്രമാണ് പറഞ്ഞതെന്നും ആര് രൂപീകരിക്കണം, എത്ര അംഗങ്ങൾ വേണമെന്ന് വ്യവസ്ഥ ചെയ്‌തിട്ടില്ല എന്നാണ് സർക്കാരിന്‍റെ വാദം.
തുടക്കം മുതലേ വിസി നിയമനത്തിൽ സർക്കാർ ഇടപെടലിനെ എതിർക്കുന്ന ഗവർണർ ഇതുവരെ ഔദ്യോഗിക നിലപാട് അറിയിച്ചിട്ടില്ല. സർക്കാർ നീക്കത്തോട് അദ്ദേഹം സഹകരിക്കാൻ സാധ്യതയില്ല. മലയാള സർവകലാശാല വിസിയുടെ കാലാവധി ഫെബ്രുവരി 28ന് അവസാനിക്കും.
കുസാറ്റ് വിസിയുടെ കാലാവധി ഏപ്രിൽ 25നും എം ജി യിലേത് മെയ് 27നുമാണ് അവസാനിക്കുക. സുപ്രീംകോടതി വിധിയിൽ നിയമനം റദ്ദാക്കപ്പെട്ട സാങ്കേതിക സർവകലാശാലയിൽ സ്ഥിരം വിസിയെ നിയമിക്കാൻ നടപടികൾ ആയിട്ടില്ല. ഈ കേസിൽ പുനഃപരിശോധന ഹർജി ഉള്ളതിനാൽ ഇതിലെ വിധി ഭാവിയിലെ വിസി നിയമനങ്ങളിൽ നിർണായകമാവും.
വിസിമാരുടെ നിയമനം ഇങ്ങനെ: മൂന്നു സർവകലാശാലകളിലേക്കുള്ള വിസി നിയമനത്തിന് സെർച്ച് കമ്മിറ്റിയിലേക്കുള്ള യുജിസി പ്രതിനിധികളായി കർണാടക കേന്ദ്ര സർവകലാശാല വിസി പ്രൊഫസർ വെട്ടു സത്യ നാരായണ മലയാളം സർവകലാശാലയിലേക്കും, ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് സർവകലാശാല വിസി പ്രൊഫസർ ഈ സുരേഷ് കുമാർ കുസാറ്റ് സർവകലാശാലയിലേക്കും മിസോറാം സർവകലാശാല മുൻ വിസി പ്രൊഫ. കെആർഎസ് സാംബശിവാറാവു എംജി സർവ്വകലാശാലയിലേക്ക് എന്നിങ്ങനെയാണ് പ്രതിനിധികൾ. ഈ പേരുകൾ രാജഭവന് കൈമാറിയതായാണ് സൂചന.
സർക്കാര്‍ ചാൻസിലർ പോരാട്ടം തുടരുന്നതിനിടെ ഗവർണറെ ചാൻസിലർ പദവിയിൽ നിന്ന് നീക്കാനുള്ള ബിൽ ഗവർണർ ഒപ്പിട്ടിട്ടില്ല. ബില്ലിൽ തനിക്ക് മുകളിലുള്ളവർ തീരുമാനിക്കട്ടെ എന്നാണ് ഗവര്‍ണറുടെ പ്രതികരണം. ഡിസംബറിൽ ചേർന്ന നിയമസഭ സമ്മേളനത്തിലാണ് കേരളത്തിലെ 14 സർവകലാശാലകളിൽ നിന്നും ചാൻസിലർ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ല് പാസാക്കിയത്.
വിസി നിയമനത്തിൽ അടക്കം ഗവർണർ അമിതാധികാരം ഉപയോഗിക്കുന്നതും സംസ്ഥാനത്തെ സർവകലാശാലകളുടെ സുഗമമായ നടത്തിപ്പിന് തടസം നിൽക്കുന്നതുമാണ് ഗവർണറെ ചാൻസിലർ പദവിയിൽ നിന്ന് നീക്കാന്‍ സർക്കാർ തയ്യാറായത്. എന്നാൽ ചാൻസിലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിനുള്ള ബിൽ രാഷ്‌ട്രപതിയ്‌ക്ക് അയച്ചതിന്‍റെ ഔദ്യോഗിക അറിയിപ്പ് ഇതുവരെയും വന്നിട്ടില്ല.