തിരുവനന്തപുരം : എപിജെ അബ്‌ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സിന്‍ഡിക്കേറ്റ് പാസാക്കിയ പ്രമേയങ്ങള്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റദ്ദാക്കി. ഈ വര്‍ഷം ജനുവരി 1 നും ഫെബ്രുവരി 17 നും പാസാക്കിയ രണ്ട് പ്രമേയങ്ങളാണ് ഗവര്‍ണര്‍ റദ്ദാക്കിയത്. സര്‍വകലാശാലകളിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനുള്ള അധികാരം വൈസ് ചാന്‍സലറില്‍ നിന്ന് സിന്‍ഡിക്കേറ്റിന് കൈമാറിയ പ്രമേയവും വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് നല്‍കുന്ന കത്തുകളുടെ ഉള്ളടക്കം സിന്‍ഡിക്കേറ്റിന്‍റെ അറിവോടെ ആയിരിക്കണം എന്ന പ്രമേയവുമാണ് റദ്ദുചെയ്‌തത്.
സര്‍വകലാശാല ചട്ടം 10(3) പ്രകാരമാണ് ഗവര്‍ണറുടെ നടപടി. ഭൂരിപക്ഷം ഉപയോഗിച്ച് സിന്‍ഡിക്കേറ്റ് ഈ പ്രമേയങ്ങളെല്ലാം പാസാക്കിയെങ്കിലും സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഈ രണ്ട് തീരുമാനങ്ങളോടും താത്കാലിക വിസി സിസ തോമസ് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം ചാന്‍സലറെ അറിയിക്കുമെന്നും അദ്ദേഹം ഉടനടി തീരുമാനമെടുക്കുമെന്നും വിസി പ്രഖ്യാപിച്ചിരുന്നു.
സിസ തോമസ് വിയോജിപ്പ് രേഖപ്പെടുത്തിയ സാഹചര്യം കണക്കിലെടുത്താണ് ഗവര്‍ണര്‍ പ്രമേയങ്ങള്‍ റദ്ദാക്കിയത്. ഇതോടെ കേരള സാങ്കേതിക സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റും വിസിയും തമ്മില്‍ ഉള്ള സംഘര്‍ഷം കൂടുതല്‍ ശക്തമായി. സര്‍വകലാശാലയുടെ ഭരണ തലത്തില്‍ സ്‌തംഭനമുണ്ടെന്നും പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതില്‍ കാലതാമസം നേരിടുന്നതായും സിന്‍ഡിക്കേറ്റ് ആരോപിച്ചെങ്കിലും ഇക്കാര്യങ്ങളെല്ലാം താത്കാലിക വിസി തള്ളിയിരുന്നു. അതിനുപിന്നാലെയാണ് താത്കാലിക വിസിയെ പിന്തുണച്ച് ഗവര്‍ണറുടെ തീരുമാനം ഉണ്ടായിരിക്കുന്നത്.
ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെങ്കിലും വിശദീകരണം തേടിയും സര്‍ക്കാരുമായി കൂടിയാലോചിച്ചും ആയിരിക്കണം അതെന്ന് സിന്‍ഡിക്കേറ്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍ ഇന്ന് രാജ്ഭവനില്‍ നിന്ന് പുറത്തുവന്ന ഉത്തരവില്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റിനോടോ ബോര്‍ഡ് ഓഫ് ഗവേണന്‍സിനോടോ വിശദീകരണം ചോദിച്ചിട്ടില്ല. സിന്‍ഡിക്കേറ്റ് തീരുമാനത്തോടാകട്ടെ താത്കാലിക വിസി വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുമില്ല.
ബോര്‍ഡ് ഓഫ് ഗവേണന്‍സിന്‍റെ അടിയന്തര പ്രമേയത്തോടുമാത്രമാണ് താത്‌കാലിക വൈസ് ചാന്‍സലര്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്. കൂടിയാലോചന നടത്തിയിരുന്ന കാര്യം അറിയില്ലെന്നും സിന്‍ഡിക്കേറ്റ് പുറപ്പെടുവിച്ച പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു.