തിരുവനന്തപുരം : വിഴിഞ്ഞം സമരത്തിലെ അക്രമ സംഭവങ്ങളില്‍ സര്‍ക്കാരിന് വീഴ്‌ചയുണ്ടായെന്ന വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്രമസമാധാനം നോക്കാന്‍ സര്‍ക്കാരിന് എവിടെയാണ് സമയമെന്ന് അദ്ദേഹം ചോദിച്ചു. സര്‍വകലാശാലകളെ നിയന്ത്രിക്കാന്‍ അല്ലേ സര്‍ക്കാരിന് കൂടുതല്‍ താത്പര്യമെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
'മറ്റ് വിഷയങ്ങളിലൊന്നും സര്‍ക്കാര്‍ കാര്യമായി ശ്രദ്ധിക്കുന്നില്ല. വേണ്ടപ്പെട്ടവരെ പ്രധാനയിടങ്ങളില്‍ ഇരുത്തുകയെന്നതാണ് ഇപ്പോള്‍ നടക്കുന്നത്. വിഴിഞ്ഞത്തെ സംഭവങ്ങളുടെ പൂര്‍ണ വിവരം ലഭിച്ചിട്ടില്ല. ഇത് ലഭിച്ച ശേഷം കൂടുതല്‍ പ്രതികരണം നടത്താമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. സര്‍വകലാശാല വിഷയത്തില്‍ സര്‍ക്കാരിന് വിദ്യാര്‍ഥികളുടെ ഭാവിയില്‍ ആശങ്കയില്ല. സ്വജനപക്ഷപാതവും നിയമനവുമാണ് ലക്ഷ്യം'.
'താന്‍ ചാന്‍സലറായിരിക്കുന്നിടത്തോളം ഇത് അനുവദിക്കില്ല. ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ മാറ്റുന്നതിനുള്ള ബില്ലുകള്‍ കൊണ്ടുവരുന്നത് കേഡറുകളെ തൃപ്‌തിപ്പെടുത്താന്‍ വേണ്ടിയാണ്. എന്ത് ബില്‍ കൊണ്ടുവന്നാലും യുജിസി നിയമങ്ങള്‍ പാലിക്കേണ്ടി വരും' - ഗവര്‍ണര്‍ പറഞ്ഞു.
'ബിജെപി നേതാക്കള്‍ക്കായി ശുപാര്‍ശ ചെയ്തെന്നത് ശരിയല്ല. തനിക്ക് പല പരാതികളും കിട്ടാറുണ്ട്. അത് മുഖ്യമന്ത്രിക്ക് കൈമാറുകയാണ് ചെയ്‌തത്. അതില്‍ എന്താണ് തെറ്റ് ? മുഖ്യമന്ത്രിയുടെ ഓഫിസിന് അല്ലാതെ മറ്റെവിടേക്കാണ് പരാതി കൈമാറേണ്ടത്' - ഗവര്‍ണര്‍ ചോദിച്ചു.