തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ തർക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളെ കാണാന്‍ ഒരുങ്ങി ഗവര്‍ണര്‍. വാര്‍ത്താസമ്മേളനത്തില്‍ നിര്‍ണായകമായ ചില രേഖകളും ദൃശ്യങ്ങളും പുറത്തു വിടുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഇന്ന് രാവിലെ 11.45നാണ് രാജ്‌ഭവനില്‍ ഗവര്‍ണര്‍ മാധ്യമങ്ങളെ കാണുക.
സംസ്ഥാനത്തെ സർവകലാശാലകളുടെ കാര്യങ്ങളിൽ സർക്കാരിന്‍റെ ഭാഗത്തു നിന്ന് ഒരു ഇടപെടലും ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ തനിക്കെഴുതിയ കത്ത് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇടപെടല്‍ നടത്തുന്നില്ല പകരം ഇപ്പോള്‍ സർവകലാശാലകളുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2019 ഡിസംബറിൽ കണ്ണൂർ സർവകലാശാലയിൽ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് ഉദ്ഘാടനം ചെയ്യാൻ പോയപ്പോൾ അവിടെ നേരിട്ട സംഭവത്തിന്‍റെ ചില വീഡിയോ ക്ലിപ്പുകൾ പുറത്തുവിടുമെന്നും ഗവർണർ അറിയിച്ചിട്ടുണ്ട്.
പരസ്യമായി സംസാരിക്കാതിരിക്കാൻ, തന്നെ ഭയപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് താൻ അവിടെ നേരിട്ടതെന്നും സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കരുതെന്ന് മുഖ്യമന്ത്രി പൊലീസിനോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
Also Read: 'ഗവർണർ എന്തുചെയ്‌താലും കുറ്റം, വധശ്രമത്തിൽ മുഖ്യമന്ത്രി പ്രതിക്കൂട്ടിൽ'; വി മുരളീധരൻ