തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതി പിൻവലിക്കാനുള്ള തീരുമാനം വന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ. രാജ്യത്ത് ഏക കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്യത്തിനും അഭിപ്രായ സ്വാതന്ത്യത്തിനും എതിരായി നിയമം പാസാക്കി എന്നത് രാജ്യവ്യാപകമായി ചർച്ചയായിരുന്നു. രാഷ്ട്രീയ ഭേദമന്യേ നേതാക്കളും നിയമ വിദഗ്ദ്ധരും ഇക്കാര്യത്തിൽ എതിരഭിപ്രായം ഉന്നയിച്ചിരുന്നു. ഇവയെല്ലാം കണക്കിലെടുത്താണ് സിപിഎം കേന്ദ്ര നേതൃത്വം ഭേദഗതി സംബന്ധിച്ച് വിശദമായ പരിശോധന നടത്താൻ സംസ്ഥാന ഘടകത്തിന് നിർദേശം നൽകിയത്.
ഭേദഗതി സംബന്ധിച്ച് ഉയർന്ന എതിർപ്പുകളും ആശങ്കകളും ഗൗരവമായി ചർച്ച ചെയ്യാനാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാന ഘടകത്തിന് നൽകിയ നിർദേശം. ഇതേതുടർന്ന് ഇന്ന് രാവിലെ സെക്രട്ടറിയേറ്റ് യോഗം അടിയന്തരമായി ചേർന്നിരുന്നു. മുഖ്യമന്ത്രി സെക്രട്ടറിയേറ്റ് യോഗത്തിൽ ഭേദഗതി സംബന്ധിച്ച് വിശദീകരണം നൽകി. യുഡിഎഫും ബിജെപിയും ഇക്കാര്യം ഉന്നയിച്ച് സർക്കാറിനെതിരെ പരസ്യ പ്രതിഷേധം നടത്തിയ സാഹചര്യവും യോഗത്തിൽ പരിശോധിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട തുടർ വിവാദങ്ങൾ വേണ്ടായെന്ന തീരുമാനത്തിൽ സെക്രട്ടറിയേറ്റ് എത്തുകയായിരുന്നു.