തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവരുടെ ഉപരിപഠനം സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. തിരുവനന്തപുരം ചാല ഗവൺമെന്‍റ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വകാര്യ ആശുപത്രികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ വലിയ ചൂഷണമായി മാറുകയാണ്. അതിനാൽ സർക്കാർ മെഡിക്കൽ കോളജുകളിൽ തന്നെ ഇത് അതിവേഗം സാധ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ട്രാൻസ്ജെൻഡറുകൾക്കായി സർക്കാർ സംസ്ഥാന കലോത്സവം സംഘടിപ്പിക്കുന്നത്. ഇന്നും നാളെയുമായി നടക്കുന്ന കലോത്സവത്തിൽ എല്ലാ ജില്ലകളിൽ നിന്നുള്ളവരും പങ്കെടുക്കുന്നുണ്ട്. തങ്ങൾക്ക് മാത്രമായി സർക്കാർ ഒരുക്കിയ കലോത്സവത്തിൽ അഭിമാനത്തോടെയാണ് പങ്കെടുക്കുന്നതെന്ന് മത്സരാർഥികൾ പറഞ്ഞു. സ്‌കൂൾ കലോത്സവ മാതൃകയിൽ നാല് വേദികളിലായാണ് മത്സരങ്ങൾ. സമാപനസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.