തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കുന്നത് സർക്കാർ ആലോചിക്കേണ്ട കാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വര്‍ഷാരംഭത്തില്‍ ചേരുന്ന നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്നതാണ് കീഴ്‌വഴക്കമെന്നിരിക്കെ, നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ സർക്കാർ നീക്കം നടത്തുന്നതിനിടെയാണ് പാർട്ടി സെക്രട്ടറിയുടെ പ്രതികരണം.
ഡിസംബറിൽ ചേരുന്ന സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടാനാണ് സർക്കാർ ആലോചിക്കുന്നത്. അനിശ്ചിതകാലത്തേക്ക് പിരിയാതെ സമ്മേളനം നീട്ടുന്നതോടെ നയപ്രഖ്യാപനം തത്കാലത്തേക്ക് ഒഴിവാക്കാനാകും. സഭാ സമ്മേളനം ഡിസംബറില്‍ താത്കാലികമായി പിരിഞ്ഞ് ജനുവരിയില്‍ പുനരാരംഭിക്കാനാണ് പരിഗണന.