തിരുവനന്തപുരം: പൊലീസിന്‍റെ ഫണ്ട് വിനിയോഗത്തിൽ ഡിജിപിക്ക് ആഭ്യന്തരവകുപ്പിന്‍റെ ശാസന. ഗുരുതരമായ ക്രമക്കേടും ധൂർത്തുമാണ് ഫണ്ട് വിനിയോഗത്തിൽ നടക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് കുറ്റപ്പെടുത്തി. വഴിവിട്ട ഇത്തരം ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഡിജിപിക്കാണെന്നും സർക്കാർ വ്യക്തമാക്കി.
തൃശൂരിലെ സംസ്ഥാന പൊലീസ് അക്കാദമിയുടെ മതിലിന്‍റെ ഉയരം കൂട്ടുന്നതിനായി 24 ലക്ഷം രൂപ സർക്കാർ പൊലീസിന് അനുവദിച്ചിരുന്നു. നിർമാണം പൂർത്തിയായപ്പോൾ അനുവദിച്ചതിൽ നിന്നും നാല് ലക്ഷം രൂപ ബാക്കി വന്നു. ഈ തുക വഴിവിട്ട് ചെലവാക്കിയെന്നാണ് ആഭ്യന്തര വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
അക്കാദമിയിൽ ആംഫി തീയറ്റർ പണിയുന്നതിനാണ് ഈ തുക ചെലവഴിച്ചത്. തികയാതെ വന്ന തുക മെസ് ഹാൾ നവീകരണത്തിന് അനുവദിച്ചതിൽ നിന്നും ചെലവഴിച്ചു. ഈ നിർമാണ പ്രവർത്തനങ്ങൾക്കെല്ലാം ശേഷം ഒരു ലക്ഷം രൂപ ബാക്കി വന്നിരുന്നു. ഈ തുക അക്കാദമിയിലെ വെഹിക്കിൾ ഷെഡിന്‍റെ നവീകരണത്തിനായി ഉപയോഗിച്ചു. ഇതൊന്നും സർക്കാരിന്‍റെ അറിവോടെ ആയിരുന്നില്ല ചെയ്‌തത്.
ഡിജിപി സ്വമേധയാ തന്നെ ഉത്തരവ് നൽകിയാണ് ഈ നിർമാണ പ്രവർത്തനങ്ങൾ എല്ലാം നടന്നത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് സർക്കാരിന്‍റെ അനുമതി തേടി കത്തയച്ചത്. ഈ കത്തിനുള്ള മറുപടിയിലാണ് ആഭ്യന്തര വകുപ്പ് ഡിജിപി അനിൽകാന്തിനെ രൂക്ഷമായി വിമർശിച്ചത്.
നിരന്തരമായി ഇത്തരം ചട്ടലംഘനം ഉണ്ടാകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിർമാണ പ്രവർത്തനത്തിന് അനുവദിക്കുന്ന തുകയിൽ ബാക്കിയുണ്ടെങ്കിൽ അത് റവന്യൂ വകുപ്പിലേക്ക് തിരിച്ചടയ്ക്കണം എന്നാണ് ചട്ടം. ഇത് പാലിക്കാത്തതിന്‍റെ പൂർണ ഉത്തരവാദിത്തം ഡിജിപിക്കാണെന്നും സർക്കാർ വ്യക്തമാക്കി.