തിരുവനന്തപുരം: നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി എ.സമ്പത്ത് വ്യക്തമാക്കി. മറ്റൊരു രാജ്യത്ത് നടന്ന സംഭവമായതിനാൽ രാജ്യാന്തരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മലയാളികൾ അപകടത്തിൽപ്പെട്ടുവെന്ന വിവരം മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
അപകടത്തിൽപ്പെട്ട സംഘത്തിലുള്ളവരുമായി ബന്ധപ്പെടാൻ ബുദ്ധിമുട്ടുണ്ട്. നേപ്പാളിൽ മോശം കാലവസ്ഥയെത്തുടർന്ന് നെറ്റ്വർക്ക് ലഭിക്കാത്തതും പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ടെന്നും കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണെന്നും എ.സമ്പത്ത് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ മരണപ്പെട്ട തിരുവനന്തപുരം സ്വദേശി പ്രവീണിന്‍റെ ചെങ്കോട്ടുകോണത്തെ വീട്ടിലെത്തി അദ്ദേഹം കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.