തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു. ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനം മരവിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തി കേരളത്തിലെ തൊഴിലില്ലാത്ത ചെറുപ്പാക്കാരെ ഇടത് സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലും പൊതു ഇടങ്ങളിലും കടുത്ത എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തിരുമാനം മരവിപ്പിച്ചത്.
നിലവിലെ പെന്‍ഷന്‍ പ്രായം 58ല്‍ നിന്ന് 60ലേക്ക് ഉയര്‍ത്തി തിങ്കളാഴ്‌ച (ഒക്‌ടോബർ 31) സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. പ്രതിപക്ഷ യുവജന സംഘടനകളും എഐവൈഎഫ് അടക്കമുള്ള ഇടത് യുവജന സംഘടനകളും എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു.
ഏറ്റവും വലിയ പൊതുമേഖല സ്ഥാപനങ്ങളും തൊഴില്‍ ദാതാക്കളുമായ കെഎസ്എഫ്ഇ, ബിവറേജസ് കോര്‍പ്പറേഷന്‍, തുടങ്ങി 122 പൊതുമേഖല സ്ഥാപനങ്ങളിലും 6 ധനകാര്യ കോര്‍പ്പറേഷനിലുമായി 1.5 ലക്ഷത്തോളം ജീവനക്കാരാണുള്ളത്. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പൊതു മാനദണ്ഡം നിശ്ചയിക്കാന്‍ 2017ല്‍ നിയോഗിച്ച വിദഗ്‌ധ സമിതിയുടെ ശുപാര്‍ശ കണക്കിലെടുത്താണ് സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ പെന്‍ഷന്‍ പ്രായം നിലവില്‍ 60 വയസും സ്റ്റാച്യൂട്ടറി പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ പെന്‍ഷന്‍ പ്രായം 56 വയസുമാണ്.
പെന്‍ഷന്‍ പ്രായം ഉര്‍ത്തില്ലെന്ന ഇടതു മുന്നണിയുടെ പ്രഖ്യാപിത നിലപാടില്‍ നിന്നുള്ള പിന്നോട്ടു പോക്കായി കൂടി പുതിയ തീരുമാനം വിലയിരുത്തപ്പെട്ടിരുന്നു.
Also read: പെൻഷൻ പ്രായം ഉയർത്തൽ; പ്രതിഷേധവുമായി യുവജന സംഘടനകൾ