തിരുവനന്തപുരം: നീറുമണ്‍കരയില്‍ ട്രാഫിക് സിഗ്നലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മര്‍ദിച്ച കേസില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. കുഞ്ചാലുംമൂട് സ്വദേശികളായ അനീഷ്, അഷ്‌കര്‍ എന്നിവരാണ് അറസ്റ്റിലായത്. വധശ്രമം ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്‌ച(നവംബര്‍ 8) വൈകിട്ടായിരുന്നു കേസിനാസ്‌പദമായ സംഭവം. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രദീപിനെ മര്‍ദിച്ചത്. പുറകിലുണ്ടായിരുന്ന യാത്രക്കാർ ഹോണടിച്ചപ്പോൾ യുവാക്കൾ അസഭ്യം പറഞ്ഞു കൊണ്ട് തന്‍റെ നേരെ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു എന്ന് പ്രദീപ് പറഞ്ഞു.
ഹോണ്‍ അടിച്ചത് താനല്ലെന്ന് പറഞ്ഞിട്ടും ആക്രമണം തുടര്‍ന്നിരുന്നെന്നും പ്രദീപ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം കരമന പൊലീസില്‍ മര്‍ദനമേറ്റ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പരാതി നല്‍കി. എന്നാല്‍ നടപടി സ്വീകരിക്കുന്നതില്‍ പൊലീസ് വീഴ്‌ച വരുത്തി.
കേസില്‍ നടപടി സ്വീകരിക്കുന്നതില്‍ വീഴ്‌ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ സ്പെഷ്യൽ ബ്രാഞ്ച്, ഫോർട്ട് എസിമാർ എന്നിവർ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ എഎസ്ഐ മനോജിനെ സസ്പെൻഡ് ചെയ്യുകയും എസ്‌ഐക്കെതിരെ വകുപ്പ്തല നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്‌തിട്ടുണ്ട്.