തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റിയുടെ നഷ്‌ടത്തിന് കാരണം സര്‍ക്കാര്‍ വകുപ്പുകള്‍ തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍. വിവിധ വകുപ്പുകള്‍ വാട്ടര്‍ അതോറിറ്റിക്ക് കുടിശികയിനത്തില്‍ നല്‍കാനുള്ളത് 228 കോടിയോളം രൂപ. കുടിശിക നിവാരണത്തിനുള്ള ആംനസ്‌റ്റി പദ്ധതി വഴി നാല്‍പ്പത് കോടി രൂപ പൂര്‍ണമായി പിരിച്ചെടുത്തപ്പോള്‍ 311 കോടി രൂപയുടെ കുടിശിക എഴുതിത്തള്ളി.
വിട്ടു'കൊടുക്കാതെ' വകുപ്പുകള്‍: ആരോഗ്യവകുപ്പാണ് കുടിശിക തീര്‍ത്ത് നല്‍കാനുള്ളതില്‍ മുന്നില്‍. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഉപയോഗിച്ച വെള്ളത്തിന്‍റെ തുകയായി 127 കോടി രൂപയിലധികമാണ് കുടിശിക. പൊതുമരാമത്ത് വകുപ്പ് 24 കോടി രൂപ, വിദ്യാഭ്യാസവകുപ്പ് 13 കോടി രൂപ, വനംവകുപ്പ് 11 കോടി. വകുപ്പുകള്‍ക്ക് പുറമെ മുനിസിപ്പാലിറ്റികള്‍ 14 കോടി 35 ലക്ഷം രൂപയും പഞ്ചായത്തുകള്‍ 12 കോടി 21 ലക്ഷവും വാട്ടര്‍ അതോറിറ്റിക്ക് നല്‍കാനുണ്ട്.
ഇവിടെ കടം പറയാം: വാട്ടര്‍ അതോറിറ്റിയെ നയിക്കുന്ന ജലസേചന വകുപ്പിനുമുണ്ട് വാട്ടര്‍ അതോറിറ്റിയില്‍ കുടിശിക. അത് 92 ലക്ഷം രൂപ. പൊലീസ് ആസ്ഥാനത്ത് നിന്ന് വകുപ്പിന് കിട്ടാനുള്ളത് ആറ് കോടി രൂപയിലധികമാണ്. കോടതികളും പണം നല്‍കാനുമുണ്ട്. ജുഡിഷ്യറിയുടെ കുടിശിക ഒരു കോടി 62 ലക്ഷമാണ്.
കുടിശിക പിരിച്ചെടുക്കാനായി കൊണ്ടുവന്നതാണ് ആംനസ്റ്റി പദ്ധതി. എന്നാല്‍ കുടിശിക നിവാരണ പദ്ധതി കൊണ്ടു വന്നിട്ടും തദ്ദേശ വകുപ്പുകള്‍ നല്‍കാനുള്ള കുടിശിക ഉയരുകയാണ് ചെയ്തത്. 16 കോടി കുടിശികയില്‍ നിന്ന് 26 കോടിയായി. ഏറ്റവും കുറവ് കുടിശികയുള്ളത് സിവില്‍ സപ്ലൈസിനാണ്. ഒരു ലക്ഷത്തി പതിനേഴായിരം രൂപ മാത്രം.
പൊതുജനത്തിനിരിക്കട്ടെ: ആംനസ്‌റ്റി പദ്ധതി വഴി ജൂലൈ മാസം മുതല്‍ കുടിശിക പിരിക്കാന്‍ നിശ്ചയിച്ചത് 742 കോടി രൂപയായിരുന്നു. ഇതില്‍ 40 കോടി പൂര്‍ണമായി പിരിച്ചു. 112 കോടി രൂപ വിവിധ തവണകളാക്കി അടയ്ക്കാന്‍ നിര്‍ദേശം നല്‍കി. 311 കോടി തര്‍ക്കങ്ങള്‍ തീര്‍പ്പാക്കി എഴുതിത്തള്ളി.
സമീപകാല കണക്കുകളില്‍ കഴിഞ്ഞ വര്‍ഷമാണ് വാട്ടര്‍ അതോറിറ്റിക്ക് കണക്കുകളില്‍ വലിയ നഷ്‌ടമുണ്ടായ വര്‍ഷം. 2048 കോടി രൂപ ചെലവായപ്പോള്‍ വരുമാനം വന്നത് 1519 മാത്രം. 592 കോടിയുടെ കുറവ്. ഇതുകൂടി ചേര്‍ന്നാണ് വെള്ളക്കരമായി ജനങ്ങളിലേക്ക് വരാന്‍ പോകുന്നത്.