തിരുവനന്തപുരം: കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരായ പ്രമേയം പാസാക്കാന്‍ വീണ്ടും പ്രത്യേക നിയമസഭാ സമ്മേളന നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. നിയമസഭാ സമ്മേളനത്തിനുള്ള അനുമതി ഗവര്‍ണര്‍ നിഷേധിച്ചതിനു പിന്നാലെ ഡിസംബര്‍ 31ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത്തരത്തില്‍ സഭാ സമ്മേളനത്തിന് ഭൂരിപക്ഷമുള്ള ഒരു മന്ത്രിസഭ ആവശ്യപ്പെട്ടാല്‍ അനുമതി നല്‍കുക എന്നതു തന്നെയാണ് ഗവര്‍ണര്‍ ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അത് പാര്‍ലമെന്‍ററി ജനാധിപത്യത്തിലെ സാമ്പ്രദായിക ക്രമവുമാണ്. അതിനു പകരം ഗവര്‍ണര്‍ മറ്റു കാര്യങ്ങള്‍ ഉന്നയിക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ല. ഇത് സാധാരാണ രീതിയില്‍ നിന്ന് വ്യത്യസ്‌തമായി ഗവര്‍ണര്‍ സ്വീകരിക്കുന്ന ഒരു സമീപനമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പസാക്കാന്‍ ഡിസംബര്‍ 23ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാനാണ് സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അടിയന്തരമായി നിയമസഭ ചേരേണ്ട ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളി.
ഡൽഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ കേരളത്തിലെ കര്‍ഷകര്‍ക്കെന്താണ് പ്രശ്‌നമെന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങളുയര്‍ത്തുകയും സര്‍ക്കാരിന്‍റെ വീഴ്ചകള്‍ അക്കമിട്ടു നിരത്തുകയും ചെയ്തുകൊണ്ടുള്ള മറുപടി കത്താണ് ഗവര്‍ണര്‍ സര്‍ക്കാരിനു നല്‍കിയത്. ഇതോടെ സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ നിന്ന് പിന്‍വാങ്ങുമെന്നാണ് പൊതുവേ കരുതിയതെങ്കിലും വീണ്ടും നിയമസഭ ചേരാനുള്ള ശുപാര്‍ശ നല്‍കി ഗവര്‍ണറെ വെട്ടിലാക്കാനാണ് സര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍ ഗവര്‍ണര്‍ക്കും ബിജെപിക്കും മുന്നില്‍ മുട്ടുമടക്കിയെന്ന യുഡിഎഫ് വിമര്‍ശനവും പുതിയ നീക്കത്തിനു പിന്നിലുണ്ട്. വീണ്ടും സര്‍ക്കാരും ഗവര്‍ണറും നേര്‍ക്കുനേര്‍ നിലയുറപ്പിച്ചതോടെ ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാകും.