തിരുവനന്തപുരം: രാജ്യമാകെ ചര്‍ച്ചയായ സ്വര്‍ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ നിര്‍ണായക അറസ്റ്റ് എല്‍ഡിഎഫ് സർക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. കേസില്‍ എം ശിവശങ്കറിന്‍റെ അറസ്റ്റുണ്ടാകുന്നത് അദ്ദേഹത്തിന്‍റെ പേര് ഉയർന്നുവന്നതിന്‍റെ 115-ാം ദിനത്തിലാണ്.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിന്‍റെ നാള്‍ വഴികളിലൂടെ
ജൂലൈ 6: നയതന്ത്ര ചാനലിലൂടെ കടത്തിക്കൊണ്ടു വന്ന 30 കിലോഗ്രാം സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ തടഞ്ഞു വയ്ക്കുന്നു. സ്വര്‍ണം വിട്ടു കൊടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതന്‍ ബന്ധപ്പെട്ടുവെന്നും അത് എം ശിവശങ്കറാണെന്നും ആരോപണം ഉയരുന്നു.
ജൂലൈ 7: പ്രതികളുമായി ബന്ധമുണ്ടെന്നതിന്‍റെ പേരില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഐ.ടി സെക്രട്ടറി സ്ഥാനത്തു നിന്നും ശിവശങ്കറെ പുറത്താക്കി
ജൂലൈ 11: സെക്രട്ടേറിയറ്റിനു സമീപത്തെ ശിവശങ്കറിന്‍റെ വാടക ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന
ജൂലൈ 14: ശിവശങ്കറിനെ തിരുവനന്തപുരത്തെ ഓഫീസില്‍ വിളിച്ചു വരുത്തി കസ്റ്റംസ് ചോദ്യം ചെയ്തു.
ജൂലൈ 16: ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍.
ജൂലൈ 17: കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ ഐ.ടി വകുപ്പിനു കീഴിലുള്ള സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചതിനു പിന്നില്‍ ശിവശങ്കറാണെന്ന് വെളിപ്പെടുത്തല്‍
ജൂലൈ 23: ശിവശങ്കറിനെ കൊച്ചി എന്‍.ഐ.എ ഓഫീസിലേക്ക് വിളിച്ചു വരുത്തി അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തു.
ജൂലൈ 28: വീണ്ടും കൊച്ചി എന്‍.ഐ.എ ഓഫീസിലേക്ക് വിളിച്ചു വരുത്തി ഒൻപത് മണിക്കൂര്‍ ചോദ്യം ചെയ്തു.
ആഗസ്റ്റ് 2: സ്വപ്‌ന സുരേഷിനെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ച സംഭവത്തില്‍ ശിവശങ്കറിനെതിരെ അന്വേഷണത്തിന് വിജിലന്‍സ് അനുമതി തേടി.
ഓഗസ്റ്റ് 15: എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കൊച്ചിയില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തു.
ഒക്‌ടോബര്‍ 8: ശിവശങ്കറും അദ്ദേഹത്തിന്‍റെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകളില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി വീണ്ടും ചോദ്യം ചെയ്തു.
ഒക്ടോബര്‍ 9: കസ്റ്റംസ് കൊച്ചിയില്‍ വിളിച്ചു വരുത്തി 11 മണിക്കൂര്‍ ചോദ്യം ചെയ്തു.
ഒക്‌ടോബര്‍ 15: ഒക്ടോബര്‍ 23 വരെ ശിവശങ്കറെ അറസറ്റു ചെയ്യരുതെന്ന് ഹൈക്കോടതി ഇ.ഡിക്കു നിര്‍ദ്ദേശം നല്‍കി.
ഒക്‌ടോബര്‍ 16: ശിവശങ്കറെ ചോദ്യം ചെയ്യലിനു കൊണ്ടു പോകാന്‍ കസ്റ്റംസ് തിരുവനന്തപുരത്തെ വീട്ടിലെത്തി. ദോഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശിവശങ്കറെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി
ഒക്‌ടോബര്‍ 19: ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നു ചൂണ്ടിക്കാട്ടി ശിവശങ്കറെ മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ശിവശങ്കറിന്‍റെ ചികിത്സ വഞ്ചിയൂരിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലേക്കു മാറ്റി. ഒക്ടോബര്‍ 23വരെ ശിവശങ്കറെ അറസ്റ്റു ചെയ്യരുതെന്ന് കസ്റ്റംസിനോട് ഹൈക്കോടതി നിർദ്ദേശിച്ചു.
ഒക്‌ടോബര്‍ 28: ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആയുര്‍വേദ ആശുപത്രിയിലെത്തി ഇ.ഡി ശിവശങ്കറെ കസ്റ്റഡിയിലെടുത്തു. രാത്രി 10 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി.
ഒക്‌ടോബര്‍ 29: ശിവശങ്കറെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. 7 ദിവസത്തേക്ക് ശിവശങ്കറെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.