തിരുവനന്തപുരം : സ്വര്‍ണക്കടത്ത് വിവാദം വീണ്ടും സഭയില്‍ ഉന്നയിക്കാനുള്ള പ്രതിപക്ഷ നീക്കം സ്‌പീക്കര്‍ അനുവദിച്ചില്ല. സബ്‌മിഷന്‍ അവതരിപ്പിക്കാനുള്ള പ്രതിപക്ഷ നേതാവിന്‍റെ ശ്രമം ക്രമപ്രശ്‌നം ചൂണ്ടിക്കാട്ടി അനുവദിക്കാനാകില്ലെന്ന് സ്‌പീക്കര്‍ പറഞ്ഞു. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായാണ് പ്രതിപക്ഷം സബ്‌മിഷൻ ഉന്നയിച്ചത്.
എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ സബ്‌മിഷന്‍ അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ നിയമമന്ത്രി പി.രാജീവ് ക്രമപ്രശ്‌നം ഉന്നയിച്ചു. കോൺസുലേറ്റ്, കേന്ദ്ര സർക്കാർ എന്നിവയെല്ലാമാണ് നോട്ടിസിലുള്ളത്. കോണ്‍സുലേറ്റ് കേന്ദ്ര ലിസ്‌റ്റായതിനാല്‍ സബ്‌മിഷൻ നോട്ടിസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് നിയമ മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി.
യുഎഇ കോണ്‍സുലേറ്റ് കേരളത്തിന്‍റെ പ്രാഥമിക പരിഗണനയില്‍ വരാത്തതാണെന്ന സാങ്കേതിക പ്രശ്‌നം ഉള്ളതിനാല്‍ സബ്‌മിഷന്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും സ്‌പീക്കര്‍ വ്യക്‌തമാക്കി. ഒരിക്കല്‍ അനുവദിച്ചാല്‍ അത് കീഴ്‌വഴക്കമായി മാറുമെന്നും സ്‌പീക്കര്‍ ചൂണ്ടിക്കാട്ടി. ഗുരുതര പ്രതിസന്ധിയുണ്ടാകാൻ സാധ്യതയുള്ളതിനാൽ നോട്ടിസ് അനുവദിക്കാൻ കഴിയില്ലെന്ന് പി രാജീവ് പറഞ്ഞു.
ക്രമപ്രശ്‌നം നിലനിൽക്കില്ലെന്നായിരുന്നു വി.ഡി.സതീശന്‍റെ മറുപടി. സംസ്ഥാന സർക്കാരിന്‍റെ പരിഗണനയിൽ വരുന്ന വിഷയം മാത്രമാണിത്. സബ്‌മിഷൻ, അടിയന്തര പ്രമേയ ചർച്ച നടത്തിയ വിഷയമല്ല. പുതിയ ഡെവലപ്‌മെന്‍റാണ് നോട്ടിസിൽ പറയുന്നതെന്നും സതീശൻ വ്യക്തമാക്കി.
സ്വർണക്കടത്ത് വിഷയം ചർച്ച ചെയ്യാതിരിക്കാൻ ഭരണപക്ഷം നാടകം കളിക്കുന്നതായി പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംസ്ഥാനത്ത് നടന്ന ഗൗരവകരമായ വിഷയമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ആരാണ് വിദേശത്തുനിന്ന് സ്വര്‍ണം കൊണ്ടുവന്നതെന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് മറുപടി പറയാനുള്ള അവസരമുണ്ടായിരുന്നു.
എന്നാൽ മുഖ്യമന്ത്രി ഭയപ്പെടുന്നതുകൊണ്ടാണ് മറുപടി പറയാതെ ഒളിച്ചോടുന്നത്. സ്പീക്കർ ലിസ്‌റ്റ് ചെയ്‌ത സബ്‌മിഷന്‍ ഒഴിവാക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രൂക്ഷമായ വാക്കുതര്‍ക്കത്തിനൊടുവില്‍ സബ്‌മിഷൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.