തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് നികുതി വളർച്ചയിൽ കേരളം രാജ്യത്ത് ഏറ്റവും പിന്നിലെന്ന് റിപ്പോർട്ട്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്‍റ് ടാക്സേഷന്‍റെ റിപ്പോർട്ടാണ് പുറത്ത് വന്നത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്‌ത സർക്കാരിന്‍റെ സാമ്പത്തിക കാര്യങ്ങൾക്കുള്ള ഗവേഷണ സ്ഥാപനമാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്‍റ് ടാക്സേഷൻ.
ഒന്നാം പിണറായി സർക്കാരിന്‍റെ അഞ്ച് വർഷക്കാലം നികുതി വളർച്ചയിൽ കേരളം രാജ്യത്ത് ഏറ്റവും പിന്നിൽ പോയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 32 പേജുള്ള റിപ്പോർട്ടാണ് പുറത്ത് വന്നത്. നികുതി സമാഹരണത്തിലെ വീഴ്‌ചയാണ് റിപ്പോർട്ടിൽ എടുത്ത് പറയുന്നത്.
2016 മുതൽ 2021വരെയുള്ള അഞ്ച് വര്‍ഷം കേരളം കൈവരിച്ച വളർച്ച രണ്ട് ശതമാനം മാത്രമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിഎജിയുടെയും ജിഎസ്‌ടി വകുപ്പിന്‍റെയും കണക്കുകളെ താരതമ്യം ചെയ്‌താണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പഠനം നടത്തിയത്. 19 സംസ്ഥാനങ്ങളുടെ ശരാശരിയെടുത്താലും ഇത് 6.3 ശതമാനം ആണ്.
നികുതി പിരിവിൽ കേരളത്തിന് മൂന്നിലൊന്ന് പോലും എത്താനായില്ല. കേന്ദ്ര ഗ്രാന്‍റ് അടക്കമുള്ള മുഴുവന്‍ വരുമാനങ്ങളും ഉൾപ്പെടുത്തിയുള്ള റവന്യൂ വരവിലും കേരളം ദേശീയ ശരാശരിയിലും താഴെയാണ്. അതേസമയം ഹരിയാന, ജാർഖണ്ഡ്, ചത്തീസ്‌ഗഢ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ കേരളത്തെക്കാൾ മുന്നിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ആറര വർഷത്തെ ധനവകുപ്പിന്‍റെ കണക്കുകളും അവകാശ വാദങ്ങളും പൊളിക്കുന്നതാണ് സംസ്ഥാന സർക്കാരിന്‍റെ തന്നെ ഗവേഷണ സ്ഥാപനം തയ്യാറാക്കിയ റിപ്പോർട്ട്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് പഠനത്തിൽ സാമൂഹ്യ സേവന പദ്ധതികൾക്ക് പണം നീക്കിവച്ചതിൽ 2016 മുതൽ 21 വരെ 19 സംസ്ഥാനങ്ങളിൽ കേരളത്തിന്‍റെ സ്ഥാനം പതിനേഴാമതാണ്. ആന്ധ്ര, ബംഗാള്‍, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ സേവന പദ്ധതികൾക്ക് കേരളത്തെക്കാൾ വിഹിതം നീക്കി വച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.