തിരുവനന്തപുരം: ജനിതക വ്യതിയാനം വന്ന വൈറസുകൾ രോഗവ്യാപനം കുത്തനെ ഉയർത്തിയെന്ന് മുഖ്യമന്ത്രി. അടുത്ത സമ്പർക്കത്തിലൂടെ അല്ലാതെയും രോഗം പകരുന്നുണ്ട്. വൈറസ് വായുവിൽ തങ്ങിനിൽക്കും. ഈ സാഹചര്യത്തിൽ ഡബിൾ മാസ്‌കിങ് രീതി ഉപയോഗിക്കണം. ജനിതക വ്യതിയാനം സംഭവിച്ച വൈറസ് മാസ്‌ക് ധരിക്കാതെ ഒരു മുറിക്കുള്ളിൽ ഇരുന്നാൽ തന്നെ പടരാൻ എളുപ്പമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ പത്ത് ദിവസങ്ങൾക്ക് മുൻപ് ഡിസ്‌ചാർജ് ചെയ്യാമെന്ന് തീരുമാനം കൈക്കൊണ്ടതിൻ്റെ ഭാഗമായി ചില ജില്ലകളിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് വന്നു. എന്നാൽ ഇത് രോഗവ്യാപനത്തിൽ വന്ന കുറവായി തെറ്റിദ്ധരിക്കേണ്ട. രോഗികളുടെ എണ്ണം വലിയതോതിൽ വർധിക്കുന്ന ഘട്ടത്തിൽ ആശുപത്രിയിലെ സൗകര്യങ്ങൾ ഗുരുതരമായ രോഗാവസ്ഥ നേരിടുന്നവർക്ക് ലഭ്യമാകും എന്ന് ഉറപ്പു വരുത്താനുള്ള നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.