തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളം ചുവപ്പണിഞ്ഞപ്പോൾ സംസ്ഥാന നഗരിയിൽ നിന്നും തിളക്കമാർന്ന വിജയം കൊയ്‌തെടുത്തിരിക്കുകയാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയായ ഗായത്രി ബാബു. യുവജനങ്ങൾ ധാരാളം തെരഞ്ഞെടുപ്പിലേക്കിറങ്ങിയ കാലത്ത് മിന്നുന്ന നേട്ടം കൈ വരിച്ചതിന്‍റെ സന്തോഷത്തിലാണ് ഗായത്രി.
തിരുവനന്തപുരം കോർപ്പറേഷനിലെ വഞ്ചിയൂരിൽ നിന്നാണ് ഗായത്രി ബാബു മത്സരിച്ചത്. സംസ്ഥാന സർക്കാരിന്‍റെ ഭരണമികവിനുള്ള അംഗീകാരം കൂടിയാണ് താൻ അടക്കമുള്ള സ്ഥാനാർത്ഥികളുടെ വിജയത്തിന് പിന്നിലെ ഘടകമെന്നാണ് ഗായത്രി പറയുന്നത്. 226 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് തിരുവനന്തപുരം കോർപ്പറേഷനിലെക്ക് ഗായത്രി തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ മിക്കവരും പരാജയപ്പെട്ട സാഹചര്യത്തിൽ മേയർ സ്ഥാനത്തേക്ക് ഗായത്രിയുടെ പേരും ഉയർന്നുകേൾക്കുന്നുണ്ട്. എന്നാൽ മേയർ സ്ഥാനം സംബന്ധിച്ച് തനിക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും ഇക്കാര്യങ്ങളെല്ലാം പാർട്ടിയാണ് തീരുമാനിക്കുകയെന്നും ഗായത്രി ബാബു ഇ.ടി.വി ഭാരതിനോട് പ്രതികരിച്ചു.
ഔദ്യോഗികമായ കാരണങ്ങളാൽ പേരിൽ വന്ന ചെറിയ മാറ്റം പോലും വിവാദമായപ്പോൾ അതിനെയെല്ലാം മറികടന്ന് വിജയക്കൊടി പാറിച്ചിരിക്കുകയാണ് നഗരസഭയിലെ സിപിഎം അവതരിപ്പിച്ച യുവ സ്ഥാനാർത്ഥി മാരിൽ ഒരാളായ ഗായത്രി.