തിരുവനന്തപുരം: ഒറ്റത്തുണിയിൽ ദേശീയപതാക നെയ്‌ത് കൈത്തറിയിൽ വിസ്‌മയം തീർത്ത് ശ്രദ്ധേയനാവുകയാണ് കൈത്തറിയുടെ ഈറ്റില്ലമായ ബാലരാമപുരത്തെ 72കാരൻ അയ്യപ്പന്‍. ഈ ഗാന്ധിയൻ സ്വന്തമായി കൈത്തറിയില്‍ അശോകചക്രം ഉള്‍പ്പെടെ പൂര്‍ണ പതാക നെയ്യാന്‍ തുടങ്ങിയത് 2021ലാണ്. സാധാരണ ഗതിയിൽ ദേശീയ പതാക നിർമിക്കുന്നത് മൂന്ന് വര്‍ണങ്ങളുള്ള നൂല്‍ കൈത്തറിയില്‍ തുന്നിച്ചേര്‍ത്ത് അതില്‍ മഷി മുക്കി അശോകചക്രം പതിപ്പിച്ചായിരുന്നു.
അതില്‍ നിന്നെല്ലാം വ്യത്യസ്‌തമായാണ് ഇത്തവണത്തെ പതാകയുടെ നിര്‍മാണം. ഇതിനായി മൂന്ന് വര്‍ണങ്ങളും പൂര്‍ണമായും ഖാദി നൂല് കൊണ്ട് കോര്‍ത്തെടുക്കും. അതിന് ഒത്ത നടുക്കായി നീല കളറുള്ള നൂല്‍ അശോകചക്രത്തിന്‍റെ രൂപത്തില്‍ നെയ്യും.
9 മീറ്റർ വീതിയും 13.5 മീറ്റർ നീളവുമാണ് അയ്യപ്പന്‍ നിര്‍മിക്കുന്ന പതാകയുടെ വലിപ്പം. പതാക നിര്‍മിക്കുന്നതിനായി ഏകദേശം 7000 രൂപയാണ് ചെലവ്. ഇത്തരത്തില്‍ പതാക നെയ്യുന്നതിനായി 7 ദിവസമെടുക്കും. 7 വര്‍ഷം പതാക നിര്‍മാണത്തിനായി അഹോരാത്രം സമയം ചെലവിട്ടിട്ടും അതിന് അര്‍ഹമായ അംഗീകാരം ലഭിച്ചില്ലെന്ന് ഇദ്ദേഹം പറയുന്നു.
എന്നാല്‍ ഇത്തവണത്തെ തന്‍റെ പരിശ്രമത്തിന് അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ ഗാന്ധിയൻ. പതാക നിര്‍മാണത്തിന്‍റെ ദൃശ്യങ്ങളടങ്ങുന്ന സി ഡി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സംസ്ഥാന സര്‍ക്കാരിനും നല്‍കിയിട്ടുണ്ട്. ഇതിനായി അയ്യപ്പനെ സഹായിച്ചത് മുന്‍ എം.പിയും നടനുമായ സുരേഷ് ഗോപിയാണ്.
സുരേഷ് ഗോപിയുടെ ഇടപെടലോടെ കേന്ദ്ര ടെക്‌സ്റ്റൈല്‍ ഡെവലപ്‌മെന്‍റ് കമ്മിഷണര്‍ പതാകയില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചു. ഇത് ഇദ്ദേഹത്തിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. അയ്യപ്പൻ നിര്‍മിച്ച പതാകയ്‌ക്ക് കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചാല്‍ അതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിയുമെന്ന് അയ്യപ്പന്‍ പറയുന്നു. നെയ്ത്ത് കുടുംബത്തില്‍ ജനിച്ച അയ്യപ്പൻ എട്ടാമത്തെ വയസിലാണ് കുലത്തൊഴിലിലേക്ക് നീങ്ങുന്നത്.
ഈ വര്‍ഷത്തെ കൈത്തറി ദിനത്തില്‍ (ഓഗസ്റ്റ് 7) സംസ്ഥാന സര്‍ക്കാര്‍ അയ്യപ്പനെ ആദരിച്ചിരുന്നു. സർവോദയ സംഘം വെള്ളനാട് കോട്ടൂർ യൂണിറ്റിന് കീഴിൽ നെയ്‌ത്ത് പരിശീലകനായിരുന്ന അദ്ദേഹം അഖിലേന്ത്യ കൈത്തറി പ്രദർശന മേളകളിലും പങ്കെടുത്തിട്ടുണ്ട്.