തിരുവനന്തപുരം : വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബില്‍ ചീട്ടുകളി സംഘം പിടിയിലായി. പണം വച്ച് ചീട്ടുകളിച്ച സംഭവത്തില്‍ ഒമ്പത് പേരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്‌തു (Gambling at Trivandrum club 9 People arrested). 5.6 ലക്ഷം രൂപ ഇവരിൽ നിന്ന് കണ്ടെടുത്തു. പണം വച്ച് ചീട്ടുകളിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് ഇന്നലെ (ഒക്‌ടോബര്‍ 2) വൈകിട്ട് ഏഴോടെയാണ് മ്യൂസിയം പൊലീസ് ട്രിവാന്‍ഡ്രം ക്ലബിലെത്തി പരിശോധന നടത്തിയത്.
ക്ലബിലെ അഞ്ചാം നമ്പര്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇവരെ പിടികൂടിയത്. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എം.ഡി എസ്.ആർ വിനയകുമാറിനെയും അറസ്റ്റ് ചെയ്‌തു. സംഭവത്തില്‍ സിബി ആന്‍റണി, അഷറഫ്, സീതാറാം, മനോജ്, വിനോദ്, അമല്‍, ശങ്കര്‍, ഷിയാസ് എന്നിവര്‍ക്കെതിരെയും മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്.
കോടിയേരി ബാലകൃഷ്‌ണന്‍റെ ഭാര്യാസഹോദരനാണ് വിനയകുമാര്‍. വിനയകുമാറിന്‍റെ പേരിലെടുത്ത മുറിയിലാണ് ചീട്ടുകളി നടന്നത്. പൊതുമേഖല സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസിന്‍റെ എം ഡിയായത് കൊണ്ട് തന്നെ കസ്റ്റഡിയിലെടുത്ത വിനയകുമാറിനെതിരെ നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്.
അതേ സമയം ചീട്ട് കളി നടക്കുന്നുണ്ടെന്ന് അറിഞ്ഞല്ല താന്‍ മുറി എടുത്ത് നല്‍കിയതെന്നാണ് വിനയകുമാര്‍ പൊലീസിന് നല്‍കിയ മൊഴി. നഗരത്തിലെ സമ്പന്നര്‍ മാത്രം അംഗമായ ട്രിവാന്‍ഡ്രം ക്ലബില്‍ പണം വച്ചുള്ള ചീട്ട് കളിയില്‍ പൊലീസിന് പരാതിയും ലഭിച്ചതായാണ് സൂചന. പിടികൂടിയവരുടെ വാഹനങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. ഇവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് വരികയാണ്.