തിരുവനന്തപുരം: എം.ശിവശങ്കർ സർക്കാരിനോട് കാണിച്ചത് വിശ്വാസ വഞ്ചനയെന്ന് മന്ത്രി ജി.സുധാകരൻ. ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ വിശ്വസിച്ചാണ് നിർണായക ഉത്തരവാദിത്വം ശിവശങ്കറിനെ ഏൽപ്പിച്ചത്. എന്നാൽ മാപ്പ് അർഹിക്കാത്ത കുറ്റമാണ് ശിവശങ്കർ സർക്കാരിനോട് ചെയ്തത്. സ്വപ്‌നയുടെയോ ശിവശങ്കറിൻ്റെയോ ആരാധകരല്ല സർക്കാർ. ആരെയും സംരക്ഷിക്കേണ്ട നിലപാട് സർക്കാരിനില്ല. മുഖ്യമന്ത്രിയുടെ ഓഫിസിലെ ദുർഗന്ധം ശിവശങ്കറിൽ ഒതുങ്ങി. മറ്റെന്തുണ്ടെങ്കിലും എൻ.ഐ.എ അന്വേഷിച്ച് കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് കമ്മീഷൻ വാങ്ങിയതിൽ സർക്കാരിന് ഒന്നും മറയ്ക്കാനില്ലെന്നും സുധാകരൻ പറഞ്ഞു. പ്രതിപക്ഷം രാക്ഷസീയ ചിന്തകൾ വച്ച് പുലർത്തുകയാണ്. രാമയാണ മാസത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കുകയാണ്. പ്രകോപനമുയർത്തുകയാണ് പ്രതിപക്ഷം. ഇതിനെ അതിജീവിച്ച് വികസന കുതിപ്പിലാണ് സംസ്ഥാനമെന്നും ജി.സുധാകരൻ വ്യക്തമാക്കി. കൊവിഡ് കാലത്ത് യുഡിഎഫ് ആയിരുന്നു ഭരണത്തിലെങ്കിൽ കേരളം എന്നന്നേക്കുമായി നശിക്കുമായിരുന്നു. കൊറോണ രോഗം മാറും. എന്നാൽ പ്രതിപക്ഷത്തിൻ്റെ രാഷ്ട്രീയ കൊറോണ മാറില്ല. മാധ്യമ പ്രവർത്തകരുടെ മാത്രമല്ല ആരുടെ കുടുംബത്തെയും ആക്രമിക്കുന്നത് ശരിയല്ലെന്നും സുധാകരൻ പറഞ്ഞു.